ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം: വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം

കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് 50 ആക്കി കുറച്ചതിൽ മലപ്പുറത്ത് പ്രതിഷേധം. ഏപക്ഷീയമായി 50 എണ്ണമാക്കി ചുരുക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യം. ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിനിടെ ടെസ്റ്റിനെത്തിയവരും പൊലീസുമായി കയ്യാങ്കളിയുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുക്കത്ത് ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ കോലം കത്തിച്ചു. ഡ്രൈവിംഗ് സ്‌കൂള്‍ സംയുക്ത യൂണിയന്‍റെ നേതൃത്വത്തിലാണ് കോലം കത്തിച്ചത്. കൊല്ലം, കോഴിക്കോട്, മലപ്പുറം, തിരൂര്‍, മുക്കം, കാസര്‍ഗോഡ് എന്നീ സ്ഥലങ്ങളിലാണ് പ്രതിഷേധമുണ്ടായത്.

ഇന്നുമുതല്‍ ദിവസേന 50 പേർക്ക് മാത്രം ടെസ്റ്റ് നടത്താനാണ് മന്ത്രി ഗണേഷ് കുമാർ നിർദേശം നല്‍കിയത്. മെയ് ഒന്ന് മുതല്‍ നടപ്പാക്കുമെന്നറിയിച്ചിരുന്ന പരിഷ്കാരം ഇന്ന് മുന്നറിയിപ്പില്ലാതെ പെട്ടെന്ന് നടത്തിയതിനെതിരെ പ്രതിഷേധം ഉണ്ടാവുകയായിരുന്നു.സ്ലോട്ട് ലഭിച്ച് സ്ഥലത്തെത്തിയവരിൽ പലർക്കും ടെസ്റ്റ് നടത്താൻ സാധിച്ചില്ല. ഇതോടെ ആളുകൾ പ്രതിഷേധിക്കുകയായിരുന്നു.