മോഷണക്കേസ് അന്വേഷണത്തിനിടെ തെളിഞ്ഞത് അരുംകൊലകൾ; കട്ടപ്പന ഇരട്ട കൊലപാതകം തെളിഞ്ഞത് ഇങ്ങനെ

കട്ടപ്പന : കേരളത്തെ ഞെട്ടിച്ച കാഞ്ചിയാർ ഇരട്ടക്കൊലപാതകക്കേസിന്റെ ചുരുളഴിയുന്നത് ഒരു മോഷണ കേസിലൂടെ. മോഷണത്തിന്റെ അന്വേഷണത്തിനിടെ കട്ടപ്പന പോലീസിന് തോന്നിയ സംശയമാണ് അരുംകൊലകൾ പുറത്തറിയുന്നത്. കട്ടപ്പന സി.ഐ. എൻ.സുരേഷ് കുമാറിന്റെ അന്വേഷണ മികവാണ് കേസ് തെളിയാൻ കാരണമായത്.

വർക്ക് ഷോപ്പിൽ മോഷണം നടത്തുന്നതിനിടയിലാണ് പ്രതികളായ നിതീഷും വിഷ്ണുവും അറസ്റ്റിലായത്. മാർച്ച് രണ്ടിന് പുലർച്ചെ കട്ടപ്പന സ്‌കൂൾ കവലയിലെ വർക്ക്‌ ഷോപ്പിൽ മോഷ്ടിക്കാൻ എത്തിയതാണ് പ്രതികള്‍. ആളില്ലെന്ന ധാരണയിൽ വിഷ്ണു സ്ഥാപനത്തിന് ഉള്ളിൽ കയറി. നിതീഷ് പുറത്ത് കാവൽനിന്നു. എന്നാൽ, മുൻപ് വർക്ക് ഷോപ്പിൽ മോഷണം നടന്നതിനാൽ ഉടമയുടെ മകൻ ഇവിടെ കാവൽ കിടപ്പുണ്ടായിരുന്നു. മോഷണം തടയാൻ ഇയാൾ വിഷ്ണുവിനെ ഇരുമ്പുവടി കൊണ്ട് കാലിന് അടിച്ചു. നിതീഷ് ഓടി രക്ഷപ്പെട്ടു.പോലീസെത്തി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിതീഷിനെ കാഞ്ചിയാറിൽനിന്ന് പിടികൂടി. ഇവരുടെ മൊഴികളിൽ പൊരുത്തക്കേട് ഉണ്ടെന്ന് പോലീസിന് മനസ്സിലായി. അതിനാൽ പ്രതികളുടെ പശ്ചാത്തലം ഉൾപ്പെടെ പോലീസ് അന്വേഷിച്ചു.

പ്രതികളെ വീണ്ടും വിശദമായി ചോദ്യംചെയ്തപ്പോൾ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന ചില വിവരങ്ങൾ കിട്ടി. തുടർന്ന് പോലീസ് വിഷ്ണുവിന്റെ കക്കാട്ടുകടയിലെ വാടകവീട്ടിലെത്തി. അവിടെ വിഷ്ണുവിന്റെ അമ്മയും സഹോദരിയുമുണ്ടായിരുന്നു. ഇവരെ ചെറിയ മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു.വിഷ്ണുവിന്റെ അച്ഛനെവിടെ എന്ന് ചോദ്യത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ പോലീസിന്റെ സംശയം ബലപ്പെട്ടു. ബന്ധുക്കളോട് അന്വേഷിച്ചപ്പോൾ വിഷ്ണുവിന്റെ അച്ഛൻ വിജയനെ മാസങ്ങളായി കാണാനില്ലെന്ന് മനസ്സിലായി. വീട്ടിൽ മന്ത്രവാദത്തിനുള്ള സാധനങ്ങളുണ്ടായിരുന്നെന്നും കണ്ടെത്തി. നിധീഷിന്റെ നേതൃത്വത്തിൽ ദുർമന്ത്രവാദം നടത്താറുണ്ടെന്ന് പോലീസിന് മനസ്സിലായി.

വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുള്ള ബന്ധത്തിൽ ഒരു കുട്ടി പിറന്നെന്നും പോലീസിന് വിവരം കിട്ടി. ഈ കുട്ടിയേയും കാണാനില്ലായിരുന്നു. തുടർന്ന് വാടകവീടിന്റെ ഉടമയെ വിളിച്ചുവരുത്തി. ഇവരുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, വീടിന്റെ തറ കുത്തിപ്പൊളിച്ച് വീണ്ടും കോൺക്രീറ്റ് ചെയ്തതായി മനസ്സിലായി. ഇതോടെ ആരെയൊ കൊന്ന് ഇവിടെ കുഴിച്ചിട്ടു എന്ന സംശയമുണ്ടായി. മുൻപ് വിഷ്ണുവും കുടുംബവും വിറ്റ കട്ടപ്പന സാഗര ജങ്ഷന് സമീപമുള്ള വീട്ടിലെ തൊഴുത്തിലും എന്തോ കുഴിച്ചിട്ടെന്നും മനസ്സിലായി.ഇതെല്ലാം മനസ്സിലാക്കിയിട്ട് വീണ്ടും ചോദ്യംചെയ്തപ്പോൾ നിതീഷ് കുറ്റം സമ്മതിച്ചു. 2016 ജൂലായിൽ തന്റെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നെന്നും 2023 ഓഗസ്റ്റിൽ വിജയനെ ചുറ്റികയ്ക്ക് അടിച്ചുകൊന്നെന്നും ഇയാൾ മൊഴി നൽകി. ഞായറാഴ്ച വീടിന്റെ തറ തുരന്നപ്പോൾ വിജയന്റെ മൃതദേഹം കണ്ടെത്തി.സംഭവത്തിൽ കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിജയന്റെ (60) മൃതദേഹം കണ്ടെത്തിയെങ്കിലും കുഞ്ഞിന്റെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല.അച്ഛനെയും സഹോദരിയുടെ മകനെയും കൊന്നു എന്ന കേസിൽ വിജയന്റെ മകൻ വിഷ്ണു(29)വും പ്രതിയാണ്. വിജയന്റെ ഭാര്യ സുമ(57)യുടെപേരിലും കേസുണ്ട്. കുഞ്ഞിന്റെ കൊലപാതകത്തിൽ വിജയന് പങ്കുണ്ടെന്നും എഫ്.ഐ.ആറിൽ പറയുന്നു.

കേസിന്റെ നാള്‍ വഴി

∙ ഏകദേശം 10 വർഷം മുൻപ്: വിജയന്റെ മകളുടെ കയ്യിലെ ബുദ്ധിമുട്ട് പൂജയിലൂടെ മാറ്റാമെന്നു വിശ്വസിപ്പിച്ച് നിതീഷ് അവരുടെ കുടുംബത്തിനൊപ്പം ചേരുന്നു.
∙ 2016: വിജയന്റെ മകളിൽ നിതീഷിന് കുഞ്ഞ് ജനിക്കുന്നു.
∙ 2016 ജൂലൈ: അഞ്ചുദിവസം പ്രായമുള്ള ശിശുവിനെ നിതീഷ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി കുഴിച്ചുമൂടുന്നു.
∙ 2016: ശിശുവിന്റെ കൊലപാതകശേഷം വിജയനും കുടുംബവും സാഗരാ ജംക്‌ഷനിലെ ഭൂമിയും വീടും വിറ്റ് കക്കാട്ടുകടയിലെ വാടകവീട്ടിലേക്ക് മാറുന്നു.
∙ 2023 ഓഗസ്റ്റ്: വാടകവീട്ടിൽവച്ച് വിജയനെ നിതീഷ് ചുറ്റികയ്ക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തുന്നു.
∙ 2024 മാർച്ച് 2: കട്ടപ്പനയിലെ വർക്‌ഷോപ്പിൽ മോഷണശ്രമത്തിനിടെ വിഷ്ണുവും നിതീഷും പിടിയിലാകുന്നു.
∙ മാർച്ച് 9: നിതീഷിനെ ചോദ്യം ചെയ്യപ്പോൾ ഇരട്ടക്കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്ത്.
∙ മാർച്ച് 10: നിതീഷ് കാട്ടിക്കൊടുത്ത സ്ഥലത്തു നടത്തിയ പരിശോധനയിൽ വിജയന്റെ മൃതദേഹാവശിഷ്ടം കണ്ടെത്തുന്നു.