പത്തനംതിട്ടയില്‍ വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസ്; ഡിവൈഎഫ്ഐ നേതാവ് പൊലീസിൽ കീഴടങ്ങി

പത്തനംതിട്ട: പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനിയെ മർദിച്ച കേസിലെ പ്രതിയായ സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫ് പൊലീസിൽ കീഴടങ്ങി. പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തിയാണ് കീഴടങ്ങിയത്. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് കീഴടങ്ങൽ.

ജയ്സൺ അടക്കം അഞ്ചുപേരാണ് കേസിലെ പ്രതികൾ. ജയ്സൺ ഒഴികെ നാല് പ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം നേരത്തെ അനുവദിച്ചിരുന്നു. ജയ്സണ് എതിരെയുള്ള മറ്റു കേസുകൾ കൂടി പരിഗണിച്ചാണ് മുൻകൂർ ജാമ്യം അനുവദിക്കാതെ ഇരുന്നത്..

സുപ്രീംകോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സനെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസ് നടപടിയിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഡിസംബർ 20നാണ് കടമ്മനിട്ട മൗണ്ട് സിയോൺ കോളേജിൽ നിയമ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്. മർദ്ദനമേറ്റയാളുടെ പരാതിയിൽ കേസെടുക്കാൻ മടിച്ച പൊലീസ്, പരാതിക്കാരിക്കെതിരെ തുടരെ കേസ് എടുത്തിരുന്നു. കേസില്‍ ജനുവരി 9 നാണ് സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗവും ഡിവൈ എഫ് ഐ നേതാവുമായി ജെയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും ജയ്‌സനെ അറസ്റ്റ് ചെയ്യാതിരുന്നത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.