‘ഗോപി ആശാന്‍ ഗുരുതുല്യന്‍, അദ്ദേഹത്തിനുള്ള കാണിക്ക ഗുരുവായൂരില്‍ സമര്‍പ്പിക്കും’; വിവാദത്തില്‍ പ്രതികരിച്ച് സുരേഷ് ഗോപി.

തൃശൂര്‍: സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന ഫേസ്ബുക്ക് പോസ്റ്റ് മകന്‍ പിന്‍വലിച്ചു. സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപി ആശാന്‍ പറഞ്ഞുവെന്ന മകന്‍ രഘുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പിന്‍വലിച്ചത്.

ഇന്നലെ ഞാന്‍ ഇട്ട പോസ്റ്റ് എല്ലാവരും ചര്‍ച്ചയാക്കിയിരുന്നുവെന്നും സ്‌നേഹം കൊണ്ട് ചുഷണം ചെയ്യരുത് എന്ന് പറയാന്‍ വേണ്ടി മാത്രമാണ് അത് ചെയ്തതെന്നും ഈ ചര്‍ച്ച അവസാനിപ്പിക്കാമെന്നും മകന്‍ രഘുരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നതായും ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുകയെന്നും കഴിഞ്ഞ ദിവസം രഘുരാജ് പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. വെറുതെ ഉള്ള സ്‌നേഹവും ബഹുമാനവും കളയരുത്. പലരും സ്‌നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ അഴ്ന്നിറങ്ങിയതാണെന്നും നിങ്ങളോടുള്ള ബഹുമാനം മുതലാക്കാന്‍ നോക്കരുതെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. പാര്‍ട്ടിയും താനും കലാമണ്ഡലം ഗോപിയെ വിളിക്കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല. പോസ്റ്റില്‍ പറഞ്ഞ കാര്യവുമായി യാതൊരു ബന്ധവുമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഗോപി ആശാന്‍ തനിക്ക് ഗുരുതുല്യനാണ്. ആരെയൊക്കെ കാണണമെന്ന് തീരുമാനിക്കുന്നത് താനല്ല പാര്‍ട്ടിയാണ്. ആ ഫെയ്‌സ്ബുക്ക് പോസ്റ്റ് കണ്ടിട്ടേയില്ല. ചില ആളുകളെയൊക്കെ നേരിട്ട് കാണണമെന്ന് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്. പാര്‍ട്ടി പറഞ്ഞാല്‍ ഗോപി ആശാന്റെ അടുത്ത് അനുഗ്രഹം തേടി പോകും. അദ്ദേഹം അനുവദിച്ചിട്ടില്ലെങ്കില്‍ ഗുരുവായൂരപ്പന് മുന്നില്‍ ഗോപി ആശാനുള്ള കാണിക്ക സമര്‍പ്പിക്കുമെന്നും സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.