പൊലീസ് പൂരം കലക്കിയത് ബിജെപിക്ക് വേണ്ടി, സുരേഷ് ഗോപിയാണ് പ്രശ്നം പരിഹരിച്ചതെന്ന പ്രചാരണം നടത്തുന്നു ; കെ മുരളീധരൻ

തൃശൂർ: പൊലീസ് പൂരം കലക്കിയത് ബിജെപിക്ക് വേണ്ടിയെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ. ബിജെപിക്ക് വേണ്ടിയാണ് പൂരം കലക്കിയത്, സിപിഎമ്മിൻറെ അജണ്ട നടപ്പിലാക്കാൻ കമ്മീഷ്ണറെ ഉപയോഗിച്ചതാണെന്നും കെ മുരളീധരൻ. സുരേഷ് ഗോപിയാണ് പ്രശ്നം പരിഹരിച്ചതെന്ന പ്രചാരണം ഇപ്പോൾ ബിജെപി സൈബർ സെൽ ചെയ്യുന്നുണ്ട്, വോട്ടുകച്ചവടത്തിനുള്ള അന്തർധാര പുറത്തായിരിക്കുന്നു, കമ്മീഷ്ണറെ തൽക്കാലത്തേക്ക് മാറ്റിനിർത്തുന്നതാണ്, തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ഇവിടെത്തന്നെ കൊണ്ടുവരും,കമ്മീഷ്ണർ മറ്റ് സമ്മർദ്ദങ്ങൾക്ക് വഴങ്ങിയോ എന്നറിയാൻ ജ്യൂഡീഷ്യൽ അന്വേഷണം വേണം, കമ്മീഷ്ണർ പൂരം കലക്കാൻ രാവിലെ മുതൽ ശ്രമിച്ചുകൊണ്ടിരുന്നു, ഇതിന് താൻ തന്നെ സാക്ഷി, സുരേഷ് ഗോപിയെ പൂരത്തിൻറെയന്ന് എവിടെയും കണ്ടില്ല, പിന്നീട് സേവാഭാരതിയുടെ ആംബുലൻസിൽ വന്ന് ഷോ കാണിച്ചു, തൃശൂരിൽ യുഡിഎഫ് തന്നെ ജയിക്കുമെന്നും കെ മുരളീധരൻ.

തൃശൂർ പൂരത്തിൻറെ കുടമാറ്റത്തിന് ശേഷമുള്ള ചടങ്ങുകളാണ് പൊലീസ് നിയന്ത്രണത്തിൽ അലങ്കോലപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പിൻറെ സമയത്ത് ഇത് രാഷ്ട്രീയമായ വിവാദമാവുകയാണിപ്പോൾ. പൂരം നടത്തിപ്പിൽ വീഴ്ചയുണ്ടായി എന്നുകാട്ടി തുടർന്ന് സർക്കാർ, കമ്മീഷ്ണറെയും എസിപിയെയും സ്ഥലം മാറ്റാൻ തീരുമാനിച്ചിരുന്നു.