പരസ്യ പ്രചാരണം നാളെ അവസാനിക്കും; കൊട്ടിക്കലാശം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ലാപ്പിലേക്ക്. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. അതിനാല്‍ കൊടുമ്പിരിക്കൊണ്ട പ്രചാരണത്തിലാണ് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും. കൊട്ടിക്കലാശം നാളെ വൈകീട്ട് നടക്കും.

നാളെ വൈകീട്ട് ആറ് വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. കൊട്ടിക്കലാശത്തിന് ശേഷം വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. വെള്ളിയാഴ്ച ജനവിധി രേഖപ്പെടുത്താനായി കേരളം പോളിംഗ് ബൂത്തിലേക്കെത്തും. കേരളത്തിനൊപ്പം 13 സംസ്ഥാനങ്ങളില്‍ നിന്നായി 88 മണ്ഡലങ്ങളാണ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുന്നത്. വോട്ട് ചെയ്ത് കാത്തിരിക്കേണ്ടത് 38 ദിവസങ്ങൾ, ഫലം പ്രഖ്യാപനം ജൂൺ നാലിന്.സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. അതിൽ 25 പേർ സ്ത്രീകളാണ്.

കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും തത്സമയ നിരീക്ഷണ സംവിധാനമായ വെബ്കാസ്റ്റിങ് നടത്തും. ബാക്കി ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.