തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങൾ കലാശക്കൊട്ടിലേക്ക്. വൈകിട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങൾ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനുള്ള തയാറെടുപ്പിലാണ് 3 മുന്നണികളും. സംഘർഷം ഒഴിവാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ടു കേന്ദ്രങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിശ്ചയിച്ചു നൽകി. മറ്റന്നാൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണു വോട്ടെണ്ണൽ.

അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിലും തൃശൂർ ജില്ലയിലും നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്ന് വൈകിട്ട് ആറുമണി മുതൽ ഏപ്രിൽ 27 വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ. ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ക്കും നിശബ്ദ പ്രചാരണ വേളയിലെ വീടുകള്‍ തോറും കയറിയുള്ള പ്രചാരണത്തിനും നിരോധനാജ്ഞ ബാധകമല്ല.

























