തൃശൂർ : ചലച്ചിത്ര താരം ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിൽ എത്തി വോട്ടു രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറാണ് ടോവിനോ.

എല്ലാവരും കൃത്യമായി വോട്ടവകാശം വിനിയോഗിക്കണമെന്നും, അവകാശമെന്നതിനുപരി വേട്ടിങ് എല്ലാ പൗരന്മാരുടെയും കടമയാണെന്ന് വോട്ടു ചെയ്ത് പുറത്തിറങ്ങിയ ടോവിനോ പറഞ്ഞു. സമ്മതിദാനാവകാശം ഉപയോഗിക്കാത്ത ആളുകൾക്ക് എങ്ങനെ ഒരു അഭിപ്രായം പറയാൻ സാധിക്കും. ഏകാധിപത്യം ഉണ്ടാകാതിരിക്കാൻ വോട്ടിങ്ങിന്റെ ശക്തി പ്രയോഗിക്കണം, ടോവിനോ കൂട്ടിച്ചേർത്തു.


അതേസമയം വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് ശതമാനം 38.01 ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്.























