കൊല്ലം: അഞ്ചൽ നെട്ടയം 124,125 ബൂത്തിൽ എത്തിയ ബിജെപി സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ പൊലീസ് ഉദ്യോഗസ്ഥൻ തടഞ്ഞു. ഇതിനെ തുടർന്ന് ഏറെനേരം ബിജെപി സ്ഥാനാർത്ഥിയും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ തർക്കത്തിനിടയാക്കി. ബൂത്ത് സന്ദർശിച്ചതിനു ശേഷം പുറത്തിറങ്ങിയ കൃഷ്ണകുമാർ ബൂത്തിന് വെളിയിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞതിനെ തുടർന്നാണ് പൊലീസുമായി തർക്കമുണ്ടായത്. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ നിയമം പാലിക്കാൻ തയ്യാറാണെന്നും തന്നോട് വേറെ ഒരുനീതിയും മറ്റൊരു എൽഡിഎഫ് നേതാവിനോട് അനൂകൂല നീതിയും പൊലീസ് ഉദ്യോഗസ്ഥൻ കാട്ടിയെന്നു കൃഷ്ണകുമാർ പറഞ്ഞു. കേരളത്തിൽ ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് ജി കൃഷ്ണകുമാർ പറഞ്ഞു. സാധാരണ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമാണ് കേന്ദ്രത്തിൽ ആര് ഭരിക്കുമെന്ന് ഉറപ്പിക്കാനാകുക. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ മുൻകൂറായി വ്യക്തമായി തന്നെ ജനങ്ങൾക്ക് ആരാണ് ഇനി കേന്ദ്രത്തിൽ വരാൻ പോകുന്നതെന്ന് അറിയാം. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഒരു സർക്കാരുണ്ടാകുമ്പോൾ എന്തുകൊണ്ട് ആ ഭരണത്തിന്റെ ഭാഗമാകുന്ന എംപിയെ തെരഞ്ഞെടുത്തുകൂടാ എന്ന് ജനങ്ങൾ ചിന്തിക്കും. അതുകൊണ്ട് കേരളത്തിൽ അവിശ്വസനീയമായ റിസൾട്ടുകൾ ഉണ്ടാകുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

























