വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ല, യുഡിഎഫ് 20 സീറ്റും നേടും’; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വോട്ടിംഗ് ശതമാനം കുറഞ്ഞത് ഫലത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് രമേശ് ചെന്നിത്തല. യു ഡി എഫ് നല്ല വിജയ പ്രതീക്ഷയുണ്ടെന്നും 20 ല്‍ 20 സീറ്റും നേടുമെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫിന് വളരെ അനുകൂലമായ സാഹചര്യമാണ് ഉള്ളത്. വീട്ടിലെ വോട്ടും പോസ്റ്റല്‍ വോട്ടും ചേരുമ്പോള്‍ ശതമാനം ഇനിയും ഉയരുമെന്നും അദ്ദേഹം പ്രതികരിച്ചു. പോളിങ്ങിനെക്കുറിച്ചും മറ്റും യു ഡി എഫ് ആശങ്ക പ്രകടിപ്പിച്ചത് പരാജയ ഭീതി മൂലമല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേമയം സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും പോളിങ് കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി വൈകിയും പോളിങ്ങ് തുടർന്നിരുന്നു. വടകര ലോക്സഭാ മണ്ഡലത്തിലെ കുറ്റ്യാടിയിൽ 141-ാം ബൂത്തിലാണ് ഏറ്റവും ഒടുവിൽ വോട്ടെടുപ്പ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആൾ വോട്ട് രേഖപ്പെടുത്തിയത്.നിശ്ചിത സമയ പരിധിയും കഴിഞ്ഞ് നാലര മണിക്കൂറിലേറെ പിന്നിട്ട് കഴിഞ്ഞപ്പോഴാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് പൂർത്തിയായത്. 70.35 % പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്.