വിവാഹസമയത്ത് വധുവിന് വീട്ടുകാര്‍ നല്‍കുന്ന സമ്ബത്തില്‍ ഭര്‍ത്താവിന് അവകാശമില്ല: സുപ്രീംകോടതി

ന്യൂഡൽഹി: വധുവിന് നൽകുന്ന സമ്പത്തിൽഭർത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി. മലയാളി ദമ്പതിമാരുടെ കേസിൽ സ്വർണം നഷ്ടപ്പെടുത്തിയതിന് 25 ലക്ഷം രൂപ നൽകാൻ നിർദേശിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം.

പ്രതിസന്ധി സമയത്ത് ഭാര്യയുടെ സ്വത്ത് ഉപയോഗിച്ചാല്‍ അത് തിരിച്ചു നല്‍കാന്‍ ഭര്‍ത്താവ് ബാധ്യസ്ഥനാണെന്നാണ് സുപ്രധാന നീരീക്ഷണം. സ്ത്രീധനം ദുരുപയോഗം ചെയ്തെന്ന ആലപ്പുഴ സ്വദേശിനിയുടെ ഹര്‍ജിയിലാണ് കോടതി വിധി. വിവാഹത്തിനു മുമ്പോ വിവാഹസമയത്തോ അതിനുശേഷമോ വധുവിന് അവളുടെ വീട്ടുകാർ നൽകുന്ന സ്വത്തുക്കളുടെ പരിപൂർണമായ അവകാശം സ്ത്രീക്കുതന്നെയാണ്.

വിവാഹ വേളയിൽ വീട്ടുകാർ വധുവിന് നൽകുന്ന സ്വർണമുൾപ്പെടെയുള്ള സമ്പത്തിൽ ഭർത്താവിന് അവകാശമില്ലെന്നാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്.
പങ്കാളികൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് വിവാഹമെന്ന സങ്കല്പത്തിന്റെ അടിസ്ഥാനമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.