പത്തനംതിട്ട: ഭാരതീയ ന്യായ സംഹിത സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കാഞ്ഞതിന് വനിത എസ്.ഐയ്ക്ക് എസ്.പിയുടെ വക ഇമ്പോസിഷന്‍. പത്തനംതിട്ടയിലാണ് സംഭവം. ഭാരതീയ ന്യായ സംഹിത സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കാതിരുന്നതോടെയാണ് എസ്.ഐയ്ക്ക് എസ്.പി. വി. അജിത് ഇമ്പോസിഷന്‍ നല്‍കിയത്. വെള്ളക്കടലാസില്‍ എഴുതി മെയില്‍ ചെയ്യണം എന്നായിരുന്നു എസ്.പി. നിര്‍ദേശിച്ചത്.

എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് ജില്ലാ പോലീസ് മേധാവി അതത് സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ഓണ്‍ലൈനില്‍ മീറ്റിങ് നടത്താറുണ്ട്. അഞ്ചുദിവസം മുന്‍പ് ഇത്തരത്തിലൊരു മീറ്റിങ്ങിനിടെയാണ് ഈ സംഭവം നടക്കുന്നത്. ഒരോ സ്റ്റേഷനിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ സംഭവങ്ങള്‍, അതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ വിശദാംശങ്ങള്‍, അന്വേഷണ പുരോഗതി എന്നിവയാണ് സ്റ്റേഷനുകളുടെ ചുമതലയുള്ള മീറ്റിങ്ങില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ വിവരിക്കേണ്ടത്.


കൂടല്‍ പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മീറ്റിങ്ങില്‍ പങ്കെടുത്ത വനിതാ എസ്.ഐ. പറഞ്ഞു. ഭാരതീയ ന്യായ സംഹിത അനുസരിച്ച് ഏത് വകുപ്പ് ഉള്‍പ്പെടുത്തിയുള്ള കേസ് ആണ് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് എസ്.പി. വി. അജിത് അന്വേഷിച്ചപ്പോള്‍ കൃത്യമായ മറുപടി നല്കാന് എസ്.ഐക്ക് കഴിഞ്ഞില്ല.
ഭാരതീയ ന്യായ സംഹിത സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് പലകുറി പരിശീലനം നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ വിഷയത്തില്‍ കൃത്യമായി മറുപടി നല്‍കാത്തതിന് വിശദീകരണം എന്ന തരത്തിലാണ് വിശദാംശങ്ങള്‍ പറഞ്ഞുകൊടുത്ത ശേഷം, ഇത് തനിക്ക് വെള്ളക്കടലാസില്‍ എഴുതി തനിക്ക് മെയില്‍ ചെയ്യണം എന്ന നിര്‍ദേശം എസ്.പി. നല്‍കിയത്.
വനിതാ എസ്.ഐ. ഇരുപത് തവണ എഴുതി ചിത്രം പകര്‍ത്തി എസ്.പിക്ക് മെയില്‍ അയച്ചുവെന്നാണ് ലഭിക്കുന്ന വിവരം. വിഷയം സംബന്ധിച്ച് എസ്.പിയോട് പ്രതികരണം ആരാഞ്ഞപ്പോള്‍, പോലീസ് വകുപ്പില്‍ ഇതൊരു പുതിയ കാര്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സംഭവം മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയിലേക്ക് വരുന്നത് പക്ഷേ ആദ്യമായിട്ടായിരിക്കുമെന്നും അതിനാലാണ് ഇതില്‍ കൗതുകം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.























