വിവാഹ വേദിയിലെ കൂളറിന് സമീപം ആരൊക്കെ ഇരിക്കുമെന്നതില്‍ തര്‍ക്കം; വധു വിവാഹത്തിൽ നിന്നും പിന്മാറി

ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ ഇരിപ്പിടത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് വിവാഹം മുടങ്ങി. വിവാഹവേദിയിലെ കൂളര്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് വിവാഹം നിര്‍ത്തിവച്ചതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിക്കന്ദർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മുസ്തഫാബാദിൽ നിന്നുള്ള വരൻ ഹുകുംചന്ദ്ര ജയ്‌സ്‌വാളിന്‍റെ വിവാഹ വേദിയിലായിരുന്നു സംഭവം.

വധുവിനെ കുറിച്ച് അറിഞ്ഞതിനാല്‍ സ്ത്രീധനം വാങ്ങിക്കാതെയുള്ള വിവാഹമായിരുന്നെന്ന് വരന്‍ ഹുകുംചന്ദ്ര ജയ്‌സ്‌വാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, ചൂട് കൂടിയ കാലമായതിനാല്‍ വിവാഹ വേദിയില്‍ ഒരുക്കിയ കൂളറിന് സമീപം ആരൊക്കെ ഇരിക്കണമെന്നതിനെ കുറിച്ചുള്ള തര്‍ക്കം രൂക്ഷമായി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന ഘട്ടമായപ്പോഴാണ് വധു സംഭവത്തെ കുറിച്ച് അറിയുന്നത്. ഈ സമയം വിവാഹത്തിനായി ഒരുങ്ങുകയായിരുന്ന വധുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു, സംഭവത്തെ കുറിച്ച് അറിഞ്ഞ് സംഘര്‍ഷം നടക്കുന്ന വിവാഹ വേദിയിലെത്തിയ വധു, തനിക്ക് ഈ വിവാഹത്തില്‍ താത്പര്യമില്ലെന്ന് അറിയിക്കുകയുമായിരുന്നു. പിന്നാലെ കൂളര്‍ പ്രശ്നം അവസാനിച്ചെങ്കിലും വധു തന്‍റെ തീരുമാനത്തില്‍ നിന്നും പിന്മാറിയില്ല. ഇതോടെ ഇരുകൂട്ടരും പരാതിയുമായി ചിത്ബരഗാവ് പോലീസ് സ്റ്റേഷനിലെത്തി. വധുവിന്‍റെയും വരന്‍റെയും കുടുംബത്തെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിച്ചെങ്കിലും വധു തന്‍റെ തീരുമാനത്തില്‍ ഉറച്ച് നിന്നതായി ചിത്ബരഗാവ് പോലീസ് സ്റ്റേഷൻ മേധാവി പ്രശാന്ത് ചൗധരി മാധ്യമങ്ങളോട് പറഞ്ഞു. സെക്ഷൻ 151 പ്രകാരം പൊതു സമാധാനം തകർക്കാൻ ശ്രമിച്ചതിന് ഇരുവിഭാഗത്തിനും നോട്ടീസ് അയച്ചായും അദ്ദേഹം അറിയിച്ചു.