വയനാട് ഉരുള്‍പൊട്ടല്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഫഹദും നസ്രിയയും

വയനാട് ഉരുള്‍പൊട്ടലിനെത്തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ഫഹദ് ഫാസിലും നസ്രിയ നസീമും. 25 ലക്ഷം രൂപയാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്. തങ്ങളുടെ നിര്‍മ്മാണ കമ്പനിയായ ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്‍റെ ലെറ്റര്‍പാ‍ഡില്‍ മുഖ്യമന്ത്രിക്ക് എഴുതിയ കത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് ഫഹദ് ഫാസില്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് ചലച്ചിത്ര താരങ്ങളും സംഭാവന നല്‍കിയിട്ടുണ്ട്. മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് 35 ലക്ഷം, വിക്രം 20 ലക്ഷം, രശ്മിക മന്ദാന 10 ലക്ഷം, സൂര്യ, ജ്യോതിക, കാര്‍ത്തി എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം എന്നിങ്ങനെയാണ് സിനിമാമേഖലയില്‍ നിന്ന് ഇതിനകം ഉണ്ടായ സാമ്പത്തിക സഹായം.