ഭാര്യയുമായി പിണക്കം, മകനെയും കൂട്ടി പിതാവ് ഗൾഫിൽ പോയി, കോടതിയെ സമീപിച്ച് മാതാവ്

കാഞ്ഞങ്ങാട്: ഭാര്യയുമായുള്ള പിണങ്ങി രണ്ട് മക്കളിൽ ഒരാളെ കൂട്ടി ഗൾഫിലേക്ക് പോയ പിതാവിനെ ഇന്റർപോളിന്റെ സഹായത്തോടെ മകനൊപ്പം നാട്ടിലെത്തിച്ചു. മകനെ തട്ടിക്കൊണ്ടുപോയതാണെന്നു പറഞ്ഞ് മാതാവ് പൊലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു.

ഹൈക്കോടതി നിർദേശത്തോടെയാണ് പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയത്. കേസിൽ അറസ്റ്റിലായ പിതാവിന് ജാമ്യം നൽകിയ കോടതി മകനെ മാതാവിനൊപ്പം വിട്ടയച്ചു. മാനസികവെല്ലുവിളി നേരിടുന്ന കുട്ടിയാണ് മൂത്തമകൻ. മാതാവിനൊപ്പം സഹോദരനെ കണ്ടതും അവൻ ഓടിയെത്തി കെട്ടിപ്പിടിച്ചും ഉമ്മവച്ചും സ്‌നേഹം പങ്കിട്ടു. 2022 ൽ കഞ്ഞങ്ങാട്ടാണ് സംഭവം. കൊളവയൽ സ്വദേശി തബ്ഷീറയാണ് ഭർത്താവ് കണമരം ഷക്കീറി(40)നെതിരെ പരാതിയുമായെത്തിയത്. ചീമേനി വെള്ളച്ചാൽ സ്വദേശിയായ ഷക്കീർ കൊളവയിലിലെ തബ്ഷീറയുടെ വീട്ടിലെത്തി ആറുവയസ്സുള്ള മൂത്തമകനെയും കൂട്ടി പോകുകയായിരുന്നു. സംഭവത്തിൽ തബ്ഷീറയുടെ പരാതിയിന്മേൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിരുന്നു. വീട്ടിൽ അതിക്രമിച്ചു കടക്കൽ, കുട്ടിയെ തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയായിരുന്നു കേസ് റജിസ്റ്റർചെയ്തിരുന്നത്.

ദിവസങ്ങൾക്ക് മുൻപ് തബ്ഷീറ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽചെയ്തു. അടുത്തമാസം മൂന്നിന് കുട്ടിയെയും പിതാവിനെയും ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഇതോടെ ഹൊസ്ദുർഗ് പൊലീസ് ഇന്റർപോളിന്റെ സഹായം തേടുകയും ഷക്കീറിനെതിരെ റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയുമായിരുന്നു. ഷക്കീറും മകനും മംഗളൂരു വിമാനത്താവളം വഴി നാട്ടിലേക്ക് വരുന്നുണ്ടെന്ന് കഴിഞ്ഞദിവസം ഇന്റർപോളിൽനിന്ന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും മംഗളൂരുവിൽ നിന്ന് കാഞ്ഞങ്ങാട് എത്തിക്കുകയായിരുന്നു.