തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ആരോപണം; കൃത്യ സമയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി

തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി. ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച രോഗിയ്ക്ക് കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെന്നും രോഗി തറയിൽ കിടന്നിട്ടും ആശുപത്രി അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ആരോപണം. ഇന്ന് പുലർച്ചെയാണ് കണ്ണൂർ സ്വദേശി 53 വയസ്സുകാരൻ ശ്രീഹരി മരിച്ചത്. ജോലിക്കിടെ കുഴഞ്ഞു വീണതിനെ തുടർന്ന് കണ്ണൂർ സ്വദേശി ശ്രീഹരിയെ കഴിഞ്ഞമാസം 19നാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്.

രോഗി തറയിൽ കിടന്നിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ആശുപത്രിയിൽ എത്തിച്ച തൊഴിലുടമ പറഞ്ഞു. എന്നാൽ ആരോപണങ്ങൾ തള്ളി ആശുപത്രി അധികൃതർ രംഗത്ത് വന്നു. രോഗിക്ക് കൃത്യസമയത്ത് തന്നെ ചികിത്സ നൽകിയിരുന്നുവെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. രോഗിയെ ആശുപത്രിയിൽ എത്തിച്ചശേഷം കൂടെയുണ്ടായിരുന്നവർ മടങ്ങിയെന്നും കൂട്ടിരിപ്പുകാർ ഇല്ലാത്ത ഗണത്തിൽപ്പെടുത്തിയാണ് ചികിത്സ നൽകിയതെന്നും അദ്ദേഹം പറഞ്ഞു.