കൊച്ചി: ഓണക്കാലം ആഘോഷമാക്കാൻ ഉല്ലാസ യാത്രകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുകൾ. നെല്ലിയാമ്പതി, ഓക്‌സിവാലി, സൈലന്റ് വാലി, വയനാട്, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ, മൂന്നാർ, വട്ടവട, കോവളം , രാമക്കൽമേടി, ഇല്ലിക്കക്കല്ല്, ഇലവീഴാപൂഞ്ചിറ, വാഗമൺ, നിലമ്പൂർ, മലമ്പുഴ, പാലരുവി, പൊന്മുടി, ഗവി യാത്രകളാണ് എറണാകുളം ജില്ലയിൽ നിന്നും കൂടുതലും ക്രമീകരിച്ചിട്ടുള്ളത്. സീ അഷ്ടമുടി, കൊല്ലം ജെ കെ റോയൽസ്, ആലപ്പുഴ വേഗ എന്നീ ബോട്ട് യാത്രകളും ആറന്മുള വള്ളസദ്യ ഉൾപ്പെടുന്ന പഞ്ചപാണ്ഡവ യാത്രയും പമ്പ ക്ഷേത്രം ഉൾപ്പെടുന്ന പുണ്യം പമ്പ, അയ്യപ്പ ചരിത്രത്തിലൂടെ അയ്യപ്പ ദർശന പാക്കേജും ആഴിമല, ചെങ്കൽ, മൂകാംബിക, വേളാങ്കണ്ണി പാക്കേജും ക്രമീകരിച്ചിട്ടുണ്ട്. ബുക്കിങ്ങിന് : എറണാകുളം 9496800024, 9961042804, പറവൂർ – 9388223707, പിറവം- 7306877687, കൂത്താട്ടുകുളം- 9497415696, ജില്ലാ കോർഡിനേറ്റർ- 94472 23212.

ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 14 വരെയുള്ള ദിവസങ്ങളിൽ 26 യാത്രകളാണ് കൊല്ലത്തു നിന്നും ഒരുക്കിയിട്ടുള്ളത്. വള്ളസദ്യ ഉൾപ്പെടുന്ന പഞ്ച പാണ്ഡവ ക്ഷേത്രദർശനത്തോടെയാണ് യാത്രകൾക്ക് തുടക്കമായത്. അഞ്ചു മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ദർശനം, ആറന്മുള വള്ള സദ്യ ഉൾപ്പടെയുള്ള യാത്രയ്ക്ക് 910 രൂപയാണ് നിരക്ക്. സെപ്റ്റംബർ മൂന്ന് ,ആറ്, 11 എന്നീ തീയതികളിലാണ് യാത്ര. സെപ്റ്റംബർ 6,14 തീയതികളിലും വാഗമൺ യാത്രയും ഒരുക്കിയിട്ടുണ്ട്. ഉച്ചഭക്ഷണം ഉൾപ്പടെ 1020 രൂപയാണ് നിരക്ക്. രാമക്കൽ മേട്, പൊന്മുടി യാത്രകൾ സെപ്റ്റംബർ 24നാണ്. ഗവിയിലേക്ക് സെപ്റ്റംബർ 4, 8 എന്നീ ദിവസങ്ങളിൽ പോകാം. അടവി എക്കോ ടൂറിസം സെന്റർ, ഗവി, പരുന്തുംപാറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിന് ഈടാക്കുന്നത് 1750 രൂപയാണ്.



പാക്കേജിൽ ഉച്ചഭക്ഷണം, ബോട്ടിംഗ്, എല്ലാ എൻട്രി ഫീസുകളും, ഗൈഡിന്റെ ഫീസും ഉൾപ്പെടും. തിരുവോണ ദിവസമായ സെപ്റ്റംബർ അഞ്ചിന് ഓണസദ്യ ഉൾപ്പെടുന്ന പൊന്മുടി യാത്ര ഉണ്ടായിരിക്കും. രാവിലെ 6.30ന് കൊല്ലത്തുനിന്ന് ആരംഭിച്ച് രാത്രി എട്ടിന് മടങ്ങിയെത്തുന്ന യാത്രയ്ക്ക് യാത്രാക്കൂലിയും ഓണസദ്യയും അടക്കം 875 രൂപയാണ് നിരക്ക്. സെപ്റ്റംബർ ആറിന് റോസ്മല യാത്രയും ഉണ്ട്. 520 രൂപ ഈടാക്കുന്ന യാത്രയിൽ പാലരുവി, തെന്മല എന്നിവയും പുനലൂർ തൂക്കുപാലവും ഉൾപ്പെടും. മൺസൂൺ കാലത്ത് നിർത്തിവച്ചിരുന്ന നെഫർറ്റിറ്റി കപ്പൽ യാത്ര പുനരാരംഭിക്കുന്നു. സെപ്റ്റംബർ 7, 27 തീയതികളിൽ രാവിലേ 10 ന്് കൊല്ലത്തു നിന്നും എ.സി ലോ ഫ്ലോർ ബസിൽ എറണാകുളത്ത് എത്തി 4 മണിക്കൂർ നെഫർറ്റിട്ടി കപ്പലിൽ അറബിക്കടൽ ചുറ്റി മടങ്ങിയെത്തുന്ന യാത്രയ്ക്ക് 4,200 രൂപയാണ് നിരക്ക്. സെപ്റ്റംബർ 13ന് മൂന്നാർ യാത്ര ഉണ്ടായിരിക്കും. അന്വേഷണങ്ങൾക്ക് : 9747969768, 9995554409.























