മകളുടെ ഫോണിലൂടെ പിതാവ് ചാറ്റ് ചെയ്ത് 17കാരനെ വീട്ടിൽ നിന്ന് പുറത്തിറക്കി ക്രൂരമായി മർദിച്ചു, അറസ്റ്റ്

കൊച്ചി: കോതമംഗലത്ത് 17കാരനായ വിദ്യാർഥിക്ക് പെൺസുഹൃത്തിന്റെ പിതാവിൽ നിന്ന് ക്രൂരമർദനം. പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കേസെടുത്ത കോതമംഗലം പൊലീസ്, പെൺസുഹൃത്തിന്റെ പിതാവ് ഉൾപ്പെടെ നാലുപേരെ അറസ്റ്റു ചെയ്തു. മകളുടെ ഫോണിലൂടെ ചാറ്റ് ചെയ്ത് പിതാവും സുഹൃത്തുക്കളും ചേർന്നാണ് 17കാരനെ വീട്ടിൽ നിന്ന് പുറത്തിറക്കിയത്.

രാത്രി വീട്ടിൽ നിന്ന് പുറത്തേയ്ക്ക് വിളിച്ചിറക്കി 17കാരനെ മർദ്ദിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. കാറിൽ കയറ്റി കൊണ്ടുപോയ കുട്ടിയെ വാടകവീട്ടിൽ എത്തിച്ചാണ് മർദിച്ചത്. വടികൊണ്ട് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തുവെന്ന് 17കാരൻ പൊലീസിന് മൊഴി നൽകി. പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.