കോട്ടയത്ത് ആഭിചാരക്രിയ, നടുക്കുന്ന അനുഭവം വെളിപ്പെടുത്തി യുവതി; ‘മുടിയിൽ ആണിവെച്ച് കെട്ടി, മദ്യം നൽകി, ബീഡി വലിപ്പിച്ചു’

കോട്ടയം: തിരുവഞ്ചൂരിൽ ആഭിചാരക്രിയകളുടെ പേരിൽ യുവതിക്ക് നേരിടേണ്ടിവന്നത് ക്രൂരപീഡനങ്ങൾ. ആഭിചാരത്തിനിടെ മദ്യം നൽകിയെന്നും ബീഡി വലിപ്പിച്ചെന്നും യുവതി വെളിപ്പെടുത്തി. ദേഹത്ത് ബാധയുണ്ടെന്ന് പറഞ്ഞായിരുന്നു ആഭിചാരമെന്ന് യുവതി പറയുന്നു. മുടിയിൽ ആണിവെച്ച് കെട്ടിവെച്ചുവെന്നും ആഭിചാരത്തിനിടെ ബോധം നഷ്ടമായെന്നും യുവതി കൂട്ടിച്ചേർത്തു. സംഭവത്തിൽ ഭർത്താവ് അഖിൽദാസ്, ഇയാളുടെ അച്ഛൻ ദാസ്, മന്ത്രവാദിയെന്ന പേരിലെത്തിയ ശിവദാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം രണ്ടാം തിയതിയാണ് ഭർത്താവിൻറെ വീട്ടിൽ വച്ച് ആഭിചാര ക്രിയ നടത്തിയത്. മരിച്ചുപോയ ബന്ധുക്കളുടെ ആത്മാവ് യുവതിയുടെ ശരീരത്തിലുണ്ടെന്ന് പറഞ്ഞായിരുന്നു ക്രൂരത. യുവതിയുടെ അച്ഛൻറെ പരാതിയിലാണ് മണർകാട് പൊലീസ് കേസെടുത്തത്. പ്രതിയായ അഖിദാസിൻറെ അമ്മയ്ക്കും കേസിൽ പങ്കുണ്ട്. ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുകയാണ്.

യുവതിയുടെ വാക്കുകൾ: ‘അമ്മയുടെ ചേച്ചി മരിച്ചിട്ട് രണ്ട് മാസം ആയിട്ടോള്ളൂ. അവരുടെ ബാധ ഏൻറെ ദേഹത്ത് ഉണ്ടെന്ന് പറഞ്ഞാണ് ആഭിചാരത്തിനായി ഒരാളെ ഭർത്താവിൻറെ വീട്ടുകാർ കൊണ്ടുവന്നത്. ഭർത്താവിനും എനിക്കും ഇടയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ബാധ കയറിയിട്ടാണ് എന്നാണ് ഭർത്താവിൻറെ വീട്ടുകാർ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ഒരു മന്ത്രവാദിയെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. അയാൾ വന്ന് ആദ്യം മന്ത്രിവും കുറിച്ച് വെറ്റിലയും നിരത്ത് വെച്ചു. കവടി നിരത്തുന്നതിന് പകരം ബാത്ത്റൂമിൽ ഇടുന്ന ടെയിലാണ് അയാൾ നിരത്തി വെച്ചിരുന്നത്. പിന്നെ എന്തോക്കെ മന്ത്രങ്ങൾ പറയുന്നുണ്ടായിരുന്നു. പൂജയ്ക്കിടെ ബോധം നഷ്ടമായി. രാത്രിയാണ് തിരിച്ച് ബോധം വന്നത്.’