ജനുവരി 14ന് മകരവിളക്ക്; ശബരിമലയിൽ മകരവിളക്ക് തീർത്ഥാടനത്തിന് ആരംഭം

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30ന് (ഇന്നലെ) ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നതിന് ശേഷം ഇതുവരെ (ഡിസംബർ 31, 5.11 വരെ ) 1,20,256 അയ്യപ്പ ഭക്തർ സന്നിധാനത്തെത്തി. ഡിസംബർ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത്; 57256 പേർ ദർശനം നടത്തി. വിർച്വൽ ക്യൂവിലൂടെ 20,477 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4401, പുൽമേട് വഴി 4283 പേരുമാണ് ഇന്നലെ ശബരി ദർശനം നടത്തിയത്. ഇന്ന് (ഡിസംബർ 31) 5.11 വരെ 63,000 പേർ സന്നിധാനത്ത് എത്തി. മകരവിളക്ക് തീർത്ഥാടനത്തിനായി ഇന്നലെ വൈകിട്ട് അഞ്ചിന് ശബരിമല ശ്രീധർമ്മശാസ്‌താ ക്ഷേത്രം നടതുറന്നു.വൈകിട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി ഇ ടി പ്രസാദ് നടതുറന്നു. തുടർന്ന് ശബരീശന്‍റെ വിഗ്രഹത്തിൽ ചാർത്തിയ വിഭൂതിയും താക്കോലും മേൽശാന്തിയിൽ നിന്നുമേറ്റുവാങ്ങിയ ശേഷം മാളികപ്പുറം മേൽശാന്തി മനു നമ്പൂതിരി ഗണപതിയെയും നാഗരാജാവിനെയും തൊഴുത് മാളികപ്പുറം ശ്രീകോവിൽ തുറന്നു.

മേൽശാന്തി ആഴിയിൽ അഗ്നി പകർന്നതിന് ശേഷം അയ്യപ്പഭക്തർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ ഒ ജി ബിജു അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീനിവാസ് തുടങ്ങിയവർ ദർശനത്തിനെത്തി. മണ്ഡലമഹോത്സവം സമാപിച്ചശേഷം ഡിസംബർ 27ന് നടയടച്ചിരുന്നു. ജനുവരി 14നാണ് മകരവിളക്ക്. ജനുവരി 19ന് രാത്രി 11 വരെ തീർത്ഥാടകർക്ക് ദർശനം സാധ്യമാകും. ജനുവരി 20ന് രാവിലെ 6.30ന് നടയടയ്ക്കും.