യുഎസ്-ഇസ്രയേൽ ആക്രമണം: ഇറാനിൽ 555 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്

ടെഹ്‌റാൻ: രണ്ടുദിവസമായി നടക്കുന്ന യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ ഇറാനിൽ ചുരുങ്ങിയത് 555 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സന്നദ്ധ സംഘടനയായ ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റിയാണ് മരണസംഖ്യയെക്കുറിച്ചുള്ള വിവരങ്ങൾ സാമൂഹികമാധ്യമമായ ടെലഗ്രാമിലെ കുറിപ്പിലൂടെ പങ്കുവെച്ചത്. രണ്ടുദിവസമായി നടക്കുന്ന യുദ്ധത്തിൽ 131 നഗരങ്ങൾ ബാധിക്കപ്പെട്ടിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

ആക്രമിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നിട്ടുണ്ടെന്നും രാജ്യവ്യാപകമായി 100,000-ൽ അധികം വോളണ്ടിയർമാർ ജാഗ്രതയോടെ നിലകൊള്ളുന്നുണ്ടെന്നും റെഡ് ക്രസന്റ് അറിയിച്ചു. മാനുഷികസഹായം, സാമൂഹിക-മാനസികപിന്തുണ തുടങ്ങിയവ നൽകുന്നതിനായി ലക്ഷക്കണക്കിന് വളണ്ടിയർമാർ സജ്ജരായി നിൽക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

അതിനിടെ, ലെബനനു നേർക്ക് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ചുരുങ്ങിയത് 31 പേർ കൊല്ലപ്പെട്ടതായും 149 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ലെബനീസ് ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

ഇറാന്റെ പരമോന്നത നേതാവ് അലി ഖമീനിയെ കൊലപ്പെടുത്തിയതിനോടുള്ള പ്രതികരണമായി, ഹിസ്ബുള്ള ഇസ്രയേലിനുനേർക്ക് റോക്കറ്റുകൾ തൊടുത്തിരുന്നു. വടക്കൻ ഇസ്രയേലിലെ സൈനികതാവളമായ ഹൈഫയ്ക്കു നേർക്കായിരുന്നു റോക്കറ്റ്-ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്. ഇതിന് പിന്നാലെ ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്ത് ഉൾപ്പെടെയുള്ളിടങ്ങളിൽ ഇസ്രയേൽ തിരിച്ചടിച്ചു.