ആറ്റുകാല്‍ പൊങ്കാല: മാലിന്യം നീക്കത്തിലെ വീഴ്ച പരിശോധിക്കണമെന്ന് മന്ത്രി; സ്വന്തം വകുപ്പ് നോക്കിയാല്‍ മതിയെന്ന് മേയർ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ ബിജെപി ഭരിക്കുന്ന കോർപറേഷനും സർക്കാരും തമ്മില്‍ പോര് മുറുകുന്നു.
പൊങ്കാലയ്ക്കു ശേഷം മാലിന്യം നീക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ തന്നെ വിവാദം ഉയർന്നിരുന്നു. മാലിന്യനീക്കം വൈകാൻ കാരണം കോർപറേഷന്റെ പിടിപ്പുകേടാണെന്ന് സിപിഎം അനുകൂല സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം ഉയർന്നിരുന്നു.

എന്നാൽ സമയബന്ധിതമായി തന്നെ മാലിന്യം നീക്കാൻ കഴിഞ്ഞുവെന്ന് കോർപറേഷൻ അവകാശപ്പെടുന്നത്. ഇതിനിടയിൽ വിവാദം കൊഴുപ്പിച്ച് മന്ത്രി വി.ശിവൻകുട്ടി വിഷയത്തിൽ ശക്തമായ ഇടപെടലാണ് നടത്തിയിരിക്കുന്നത്. മാലിന്യനീക്കത്തിൽ വീഴ്ചയുണ്ടോ എന്നു പരിശോധിക്കാൻ തിരുവനന്തപുരം ആർഡിഒയെ ചുമതലപ്പെടുത്തിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കം വൈകുന്നതായും ശുചീകരണത്തിൽ വീഴ്ചകൾ സംഭവിക്കുന്നതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപ്പെട്ടുവെന്നും ഉത്സവത്തിന് ശേഷം നഗരം എത്രയും വേഗം വൃത്തിയാക്കേണ്ടത് ആരോഗ്യ സുരക്ഷയ്ക്കും സുഗമമായ ഗതാഗതത്തിനും അത്യാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തിൽ, ശുചീകരണ പ്രവർത്തനങ്ങളിൽ എവിടെയെങ്കിലും വീഴ്ചയുണ്ടോ എന്ന് നേരിട്ട് പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ആർഡിഒയെ ചുമതലപ്പെടുത്തിയെന്നും മന്ത്രി അറിയിച്ചു.

അതേസമയം, മന്ത്രി വി.ശിവന്‍കുട്ടി, മന്ത്രിയുടെ വകുപ്പ് നോക്കിയാല്‍ മതിയെന്നും കോര്‍പ്പറേഷന് ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ അറിയാമെന്നും മേയര്‍ വി.വി.രാജേഷ് തിരിച്ചടിച്ചു. മാലിന്യ നീക്കത്തത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നീക്കമാണ്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കം കുറ്റമറ്റതായിരുന്നു. കോര്‍പറേഷന്‍ ഭരണം നഷ്ടപ്പെട്ടതിന്റെ വേവലാതിയാണ് സിപിഎമ്മിനെന്നും വി.വി.രാജേഷ് പറഞ്ഞു.