ജാൻവി കപൂറിനെ വെറും സെക്സ് സിംബൽ ആക്കി; ഒടുവിൽ ക്ഷമാപണവുമായി ‘പെദ്ധി’ സംവിധായകൻ

രാം ചരൺ, ജാൻവി കപൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബുച്ചി ബാബു സന ഒരുക്കിയ ‘പെദ്ധി’ തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെ ജാൻവി കപൂറിനെ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്ന രീതിക്കെതിരെ വിമർശനം കടുക്കുന്നു. ജാൻവി അവതരിപ്പിച്ച ‘അച്ചിയമ്മ’ എന്ന കഥാപാത്രത്തെ മോശമായും അങ്ങേയറ്റം സ്ത്രീവിരുദ്ധമായുമാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ സംവിധായകൻ ബുച്ചി ബാബു സനയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

ഒടുവിൽ ക്ഷമാപണവുമായി സംവിധായകൻ തന്നെ രംഗത്തെത്തി.സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനങ്ങളെ ഗൗരവമായി എടുക്കുന്നുവെന്നും ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുവെന്നും ബുച്ചി ബാബു സന പറഞ്ഞു. എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെയായിരുന്നു സംവിധായകന്റെ ഖേദപ്രകടനം.

‘‘ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിൽ, സിനിമ വിനോദപരവും പ്രചോദനപരവും പ്രേക്ഷകരുമായി ബന്ധം സ്ഥാപിക്കുന്നതും ആയിരിക്കണം എന്ന് ഞാൻ വിശ്വസിക്കുന്നു. അത് ആരെയും അസ്വസ്ഥരോ ബഹുമാനമില്ലാത്തവരോ ആയി തോന്നിപ്പിക്കരുത്. ‘പെദ്ധി’യിലെ ചില രംഗങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങൾ ഞങ്ങൾ കേട്ടു, അത് ഗൗരവമായി എടുത്തിട്ടുണ്ട്. ഞാൻ എപ്പോഴും സ്ത്രീകളോട്, തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലും, വലിയ ബഹുമാനം പുലർത്തിയിട്ടുണ്ട്. ഒരു സ്ത്രീ കഥാപാത്രത്തെയും വസ്തുവൽക്കരിക്കാനോ അനാദരിക്കാനോ ഞങ്ങൾ ഉദ്ദേശിച്ചിരുന്നില്ല. സിനിമയുടെ ഏതെങ്കിലും ഭാഗം അങ്ങനെ ധരിക്കപ്പെട്ടെങ്കിൽ, ആ വികാരങ്ങളെ ഞങ്ങൾ മാനിക്കുന്നു, ഉയർത്തുന്ന ആശങ്കകൾ മനസ്സിലാക്കുന്നു, ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. പ്രതികരണങ്ങൾ പരിശോധിച്ച ശേഷം, ബന്ധപ്പെട്ട ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. പ്രേക്ഷകരുമായുള്ള ബന്ധത്തിലൂടെയാണ് സിനിമ വളരുന്നത്, കഥ പറയുന്നവർ എന്ന നിലയിൽ, മാറിക്കൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകളെയും സംവേദനക്ഷമതകളെയും കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ഓരോ സ്ത്രീയും ബഹുമാനം അർഹിക്കുന്നു, വിലമതിക്കപ്പെടുന്നു, അന്തസ്സോടെ പ്രതിനിധീകരിക്കപ്പെടണം. ശക്തമായ കഥാപാത്രങ്ങളെ ആഘോഷിക്കുകയും ആ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന കഥകൾ പറയുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ആത്മാർത്ഥതയോടെയും സത്യസന്ധതയോടെയും അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെച്ച എല്ലാവർക്കും നന്ദി,’’ ബുച്ചി ബാബു സന കുറിച്ചു.

‘പെദ്ദി’യിൽ ഗാനരംഗങ്ങൾ പുറത്തു വന്നപ്പോൾ മുതൽ ഇത്തരം വിമർശനങ്ങൾ ഉയരുന്നുണ്ട്. അതീവ ഗ്ലാമറസ് ലുക്കിലാണ് ഗാനരംഗത്തിൽ ജാൻവി കപൂർ പ്രത്യക്ഷപ്പെടുന്നത്. നായകന്റെ ‘ലവ് ഇന്ററസ്റ്റ്’ എന്നതിലുപരി മറ്റൊരു വ്യക്തിത്വവും ജാൻവിയുടെ കഥാപാത്രത്തിനില്ല. മാത്രമല്ല, അങ്ങേയറ്റം സ്ത്രീവിരുദ്ധമായ രീതിയിലാണ് ആ കഥാപാത്രത്തെ സിനിമയിലും ചിത്രീകരിച്ചിരിക്കുന്നത്. സിനിമ റിലീസ് ആയതോടെ ആ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകളും സജീവമായി.