മുംബൈ: സ്റ്റാൻഡപ് കോമഡിഷോയ്ക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച എംബിബിഎസ് വിദ്യാർഥിനി സേജൽ പവാറിനെതിരെ മെഡിക്കൽ കോളജ് അധികൃതർ അച്ചടക്ക നടപടിയെടുത്തു. വിദ്യാർഥിയോട് 15 ദിവസത്തെ നിർബന്ധിത അവധിയെടുക്കാൻ ആവശ്യപ്പെട്ട അധികൃതർ ഈ ദിവസങ്ങളിൽ മെഡിക്കൽ കോളജ് ക്യാംപസ്, ഹോസ്റ്റൽ എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനു വിലക്കും ഏർപ്പെടുത്തി.

അവതാരകനായ പ്രണിത് മോറെ കോമഡിഷോയ്ക്കിടെ ഉന്നയിച്ച ചോദ്യത്തിന്, പോസ്റ്റ്മോർട്ടത്തിനിടെ പുരുഷന്മാരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ചു തമാശ പറയുമായിരുന്നെന്ന സേജലിന്റെ മറുപടിയാണു വിവാദമായത്. അതിനു പിന്നാലെ മഹാരാഷ്ട്ര സൈബർ പൊലീസ് സേജലിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ, അന്വേഷണ കമ്മിഷനെ നിയോഗിച്ച കെഇഎം മെഡിക്കൽ കോളജ് വിഡിയോയിലുള്ളതു സേജൽ തന്നെയാണെന്നു കണ്ടെത്തുകയും നടപടിയെടുക്കുകയുമായിരുന്നു. വിദ്യാർഥിനിയുടെ മാതാപിതാക്കളെയും കോളജ് അധികൃതർ വിളിച്ചുവരുത്തിയിരുന്നു. വിവാദത്തെ തുടർന്നു വിദ്യാർഥിനിക്കുണ്ടായ മാനസികസമ്മർദം പരിഗണിച്ച്, കൗൺസലിങ്ങിനു വിധേയയാകാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പരാമർശം ചർച്ചയായതിനു പിന്നാലെ സേജൽ മാപ്പുപറഞ്ഞു വിഡിയോ പങ്കുവച്ചിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ അഞ്ചംഗ കമ്മിഷനെ നിയോഗിച്ച കെഇഎം കോളജ് 7 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണു നിർദേശിച്ചിട്ടുള്ളത്.

























