അമ്പലപ്പുഴ: പ്രതിപക്ഷത്തെ പരിഹസിച്ച് അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഭയില്‍ നനഞ്ഞ കോഴിയെന്ന് ആക്ഷേപം. കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പടെ ഇടതുപക്ഷത്തെ ആരും കാര്യമായി മിണ്ടുന്നില്ല. പ്രതിപക്ഷത്തിന്റെ അവസ്ഥ കണ്ട് സങ്കടം തോന്നുന്നെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്പലപ്പുഴയില്‍ പുതുതായി ആരംഭിച്ച എംഎല്‍എ ഓഫീസിന്റെ ഉദ്ഘാടന വേദിയിലായിരുന്നു ജി സുധാകരന്റെ വിമര്‍ശനം.

കെ എന്‍ ബാലഗോപാലിന് സഭയില്‍ മിണ്ടാട്ടമില്ലെന്നും വി.ഡി സതീശനെതിരെ പറയാന്‍ ഒരാള്‍ക്കും കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സതീശന്റെ പ്രസംഗമുണ്ടായിരുന്നു ചര്‍ച്ച കഴിഞ്ഞ് അവസാനം. കഴിഞ്ഞ ഗവണ്‍മെന്റിന്റെ ധനകാര്യസ്ഥിതിയെ കുറിച്ച് രൂക്ഷമായി 15 മിനിറ്റ് പറഞ്ഞു. ഒരക്ഷരം എഴുന്നേറ്റ് നിന്ന് ഡിഫെന്‍ഡ് ചെയ്തില്ല. പിണറായി സഖാവാണെങ്കില്‍ നനഞ്ഞ കോഴി പോലെയിരിക്കുകയാണ് അവിടെ. ഒന്നും മിണ്ടുന്നില്ല. ബാലഗോപാലിനാണെങ്കില്‍ സംസാരിക്കാനും അറിയില്ല. എന്തൊരു ദയനീയമായ ചിത്രമാണ്. എനിക്ക് വിഷമം തോന്നി. ഞാന്‍ അവിടെ ഇരുന്നതല്ലേ. 20 വര്‍ഷം, ഇവരുടെ കൂടെ – അദ്ദേഹം പറഞ്ഞു. തോമസ് ഐസക് ഉണ്ടായിരുന്നെങ്കില്‍ എന്തെങ്കിലും മിണ്ടിയേനെ. എഴുന്നേറ്റ് നിന്ന് സംസാരിക്കാന്‍ ആരെങ്കിലും വേണ്ടെ. ഇടതുപക്ഷം എന്ന് പറഞ്ഞാല്‍ ഇടത്തോട്ട് മുണ്ടുടുക്കന്നവരല്ല. വലതുപക്ഷം എന്നുപറഞ്ഞാല്‍ വലത്തോട്ട് മുണ്ടുടുക്കുന്നവരല്ല – അദ്ദേഹം വ്യക്തമാക്കി.


കേരളത്തില്‍ കോണ്‍ഗ്രസിന്റെ സുവര്‍ണകാലഘട്ടമാണിതെന്നും ജി സുധാകരന്‍ പറഞ്ഞു.























