തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓർഡിനറി ബസുകളിൽ മാത്രം. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ജൂൺ 15ന് തന്നെ കെഎസ്ആർടിസി ബസിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതാണ്. അതിന്റെ തുടർതീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിർണായക കൂടിക്കാഴ്ചയാണ് ഇപ്പോൾ സെക്രട്ടറിയേറ്റിൽ അവസാനിച്ചത്.

ആദ്യ 100 ദിവസം ഓർഡിനറി ബസുകളിൽ മാത്രം നടപ്പിലാക്കാനാണ് നീക്കം. 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകൾ പഠിച്ച് റിപ്പോർട്ട് നൽകാൻ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. ഒരു ഓർഡിനറി ബസ്സുകൾ പോലുമില്ലാത്ത മണ്ഡലങ്ങളിൽ ബസുകൾ കൊണ്ടുവരുന്നത് ആലോചിക്കും. എല്ലാം സ്ത്രീകൾക്കും മറ്റു മാനദണ്ഡങ്ങൾ ഇല്ലാതെ സൗജന്യ യാത്ര അനുവദിക്കും. പണം സർക്കാർ നൽകാനാനാണ് തീരുമാനം. അതുകൊണ്ടുതന്നെ കോർപ്പറേഷന് ബാധ്യത ആവില്ല എന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു.


സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപനത്തിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷയൂണിയനുകൾ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന ബാധ്യത സർക്കാർ ഏറ്റെടുക്കണമെന്നും കോടിക്കണക്കിന് രൂപ പദ്ധതി നടത്തിപ്പിലൂടെ സർക്കാരിന് ബാധ്യത വരുമെന്നാണ് സിഐടിയു നിലപാട്. സ്ഥാപനത്തിന് ഉണ്ടാകുന്ന ബാധ്യത നികത്താൻ കെഎസ്ആർടിസിയെ സർക്കാർ ഏറ്റെടുക്കണമെന്ന് നിലപാടിലാണ് ബിഎംഎസ്.























