സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല: കോഴിക്കോട് പയ്യോളിയിൽ ഒമ്പതുവയസുകാരന് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ 9വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തുറയൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലാണ് ഷിഗെല്ല രോഗബാധയുണ്ടായത്.

ഇന്നലെ തൃശൂർ വടക്കാഞ്ചേരി മംഗലത്ത് രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. നാല് വയസുള്ള പെൺകുട്ടിക്കും ഏഴ് വയസുള്ള ആൺകുട്ടിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ കുട്ടികൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. അതേസമയം സംസ്ഥാനത്ത് പകർച്ചപ്പനികൾ ദിനം പ്രതി വർധിക്കുകയാണ്. പതിമൂന്ന് ദിവസത്തിനിടെ നാൽപത്തിയൊന്ന് പേർക്കാണ് ജീവൻ നഷ്ടമായത്. ഇൻഫ്ലുവൻസ ബാധിച്ച് ഒൻപത് പേർക്ക് ജീവൻ നഷ്ടമായിരുന്നു. എലിപ്പനിബാധിച്ച് എട്ടു പേരും, ഡെങ്കിപ്പനി ബാധിച്ച് അഞ്ച് പേരും മരിച്ചു. തൃശൂരിലും ഷിഗല്ല സ്ഥിരീകരിച്ചതോടെ മുൻകരുതൽ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. ഇടവിട്ടുള്ള മഴ രോഗവ്യാപനത്തിന് കാരണമാകുന്നു എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ മൂന്നുവയസുകാരന് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പയ്യോളിയിലാണ് രോഗം സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ നില നിലവിൽ തൃപ്തികരമാണ്. വയനാട് കോളിയാടി സ്‌കൂളിലെ ഏഴ് പേർക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. 110ൽ അധികം പേർക്കാണ് ഈ വർഷം സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 54 പേർക്കാണ് രോഗം ബാധിച്ചത്.