ആര്‍എസ്എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് ഗുരുതര വീഴ്ച; കേരളത്തോട് മാപ്പ് പറയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ഗുരുതരമായ വീഴ്ചയാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഉണ്ടായത്. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ് ചാന്‍സലര്‍മാരുടെ അന്തസിനും നിരക്കാത്തതാണെന്നും വി ഡി സതീശന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരളീയ പൊതുസമൂഹത്തിന് വൈസ് ചാന്‍സലര്‍ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വര്‍ഗീയത പറയുന്ന ആര്‍എസ്എസ് നേതാവിന്റെ പരിപാടിയില്‍ ഇവര്‍ പങ്കെടുത്തത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം ഉദയാ കണ്‍വെന്‍ഷനില്‍ നടന്ന പരിപാടിയിലാണ് കേരള, എംജി, മലയാളം സര്‍വകലാശാല വിസിമാര്‍ പങ്കെടുത്തത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍.