ആ പണം അവനും വാങ്ങിച്ചിട്ടുണ്ട്, ദയവുചെയ്ത് എന്നെ വെറുതെ വിടൂ; കിച്ചൂന്റെ സബ്‌സ്‌ക്രിപ്ഷൻ ആരോപണത്തിൽ പ്രതികരിച്ച് രേണു

കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന സോഷ്യൽ മീഡിയ താരം രേണു സുധിയും സുധിയുടെ മകൻ കിച്ചുവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഇൻസ്റ്റഗ്രാമിലെ പെയ്ഡ് സബ്‌സ്‌ക്രിപ്ഷൻ ഉള്ളടക്കങ്ങളെച്ചൊല്ലി കിച്ചു ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി, രോഗകിടക്കയിൽ നിന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് രേണു രംഗത്തെത്തിയിരിക്കുന്നത്. രേണുവിന്റെ സബ്‌സ്‌ക്രിപ്ഷൻ വിഡിയോകളുടെ ഉള്ളടക്കം മോശമാണെന്നും അത് അനുജന്റെ ഭാവിയെ ബാധിക്കുമെന്ന് കരുതിയാണ് താൻ അകന്നതെന്നുമുള്ള കിച്ചുവിന്റെ വെളിപ്പെടുത്തലിന് ശക്തമായ മറുപടിയാണ് രേണു നൽകിയത്.

സബ്‌സ്‌ക്രിപ്ഷൻ ആരംഭിച്ച സമയത്ത് കിച്ചുവുമായി നടത്തിയ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും രേണു പുറത്തുവിട്ടു. താൻ സബ്സ്‌ക്രിപ്‌ഷൻ തുടങ്ങിയ സമയത്ത് തന്നെ കിച്ചുവിനോട് പറഞ്ഞിരുന്നെന്നും കിച്ചു അന്ന് തന്നെ പ്രോത്സാഹിപ്പിക്കുകയും സബ്‌സ്‌ക്രിഷൻ തുകയുടെ ഒരു ഭാഗം ചോദിക്കുകയുമാണ് ചെയ്തതെന്നും രേണു പറയുന്നു.തന്റെ അധ്വാനത്തിൽ നിന്നും സബ്‌സ്‌ക്രിപ്ഷനിൽ നിന്നും കിട്ടിയ പൈസയുടെ ഒരു വിഹിതം കിച്ചുവിന് നൽകിയിട്ടുണ്ടെന്നും, ഉറക്കമൊഴിഞ്ഞ് ആൽബങ്ങൾ ചെയ്തതും ഗൾഫിൽ പോയി പ്രമോഷൻ ചെയ്തതുമായ തുകയിൽ നിന്ന് വലിയൊരു പങ്ക് കിച്ചു വാങ്ങിയിട്ടുണ്ടെന്നും അതിനെല്ലാം തന്റെ കയ്യിൽ ചാറ്റ് തെളിവുകളുണ്ടെന്നും രേണു പറയുന്നു.

കാൻസർ മൂന്നാം സ്റ്റേജിലൂടെ കടന്നുപോകുന്ന തന്റെ അവസ്ഥ വളരെ പരിതാപകരമാണെന്നും സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾ തന്നെ കൂടുതൽ തളർത്തുകയാണെന്നും രേണു പറഞ്ഞു. ഇനി കിച്ചു തന്നെ വന്ന് കാണുകയോ വിളിക്കുകയോ വേണ്ടെന്നും, തന്റെ കുഞ്ഞിന് (ഋതു) വേണ്ടി തനിക്ക് എഴുന്നേറ്റ് വന്നേ പറ്റൂ എന്നും, തന്നെ ദയവുചെയ്ത് വെറുതെ വിടണമെന്നും അഭ്യർഥിച്ചുകൊണ്ടാണ് രേണു വിഡിയോ അവസാനിപ്പിക്കുന്നത്. ഇത് കിച്ചുവിനെക്കുറിച്ചുള്ള തന്റെ അവസാനത്തെ വിഡിയോ ആയിരിക്കുമെന്നും ഇനി തന്നെക്കൊണ്ട് കൂടുതൽ പറയിക്കരുതെന്നും രേണു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ‘‘ഇങ്ങനെയൊരു വിഡിയോ ചെയ്യേണ്ടി വരും എന്ന് ഞാൻ കരുതിയതല്ല. ആരോഗ്യസ്ഥിതി വളരെ മോശമായി കിടപ്പിലായ എന്നെ വീട്ടുകാരാണ് ഈ വിഡിയോ ശ്രദ്ധയിൽപ്പെടുത്തുന്നത്. വേറെ ആരെയും കുറിച്ചല്ല, ‘കിച്ചു’ എന്ന് വിളിക്കുന്ന രാഹുൽ ദാസിനെ കുറിച്ചാണ്.ഞാൻ കാൻസർ ബാധിതയായിട്ട് ഇപ്പോൾ ഒരു മാസമായി. എല്ലാവരും വിവരമറിഞ്ഞത്തിനു ശേഷം , ചികിത്സ തുടങ്ങി ഞാൻ കിടപ്പിലാണ്. ഒരു മാസത്തോളം ഐ.സി.യുവിലും മറ്റുമായി വളരെ ബുദ്ധിമുട്ടിലായിരുന്നു എന്ന് നിങ്ങൾക്കറിയാം. ഈ സമയത്ത് എന്നെ മുൻപ് കുറ്റപ്പെടുത്തിയവർ പോലും വന്ന് ക്ഷമ ചോദിക്കുകയാണ്.

കാരണം കാൻസർ എന്ന രോഗത്തിന്റെ അവസ്ഥ അങ്ങനെയുള്ളതാണ്. എന്നാൽ ഇത്രയും നാൾ മിണ്ടാതിരുന്ന കിച്ചു, ഞാൻ സബ്‌സ്‌ക്രിപ്ഷൻ തുടങ്ങിയതുമായി ബന്ധപ്പെട്ട് എന്നെ വെറുത്തുവെന്ന രീതിയിൽ ഇപ്പോൾ ഒരു വിഡിയോയുമായി വന്നിരിക്കുന്നു. എന്റെ ജീവിതത്തിൽ എന്ത് തുടങ്ങിയാലും, സുധിച്ചേട്ടൻ മരിച്ചതിന് ശേഷം ഞാൻ എന്ത് ചെയ്താലും അത് കിച്ചുവിനെ അറിയിക്കാറുണ്ടായിരുന്നു. അതിന് എന്റെ കയ്യിൽ വ്യക്തമായ തെളിവുകളുണ്ട്. കിച്ചു എന്റെ ചാറ്റുകൾ പുറത്തുവിട്ട സ്ഥിതിക്ക് എനിക്കും കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. എന്നെക്കുറിച്ച് അവൻ ആരോപിച്ച സബ്‌സ്‌ക്രിപ്ഷൻ ചാറ്റ് മാത്രമാണ് ഞാൻ ഇപ്പോൾ പുറത്തുവിടുന്നത്.ഞാൻ സബ്‌സ്‌ക്രിപ്ഷൻ തുടങ്ങിയ ദിവസം ‘കിച്ചൂസ്, ഞാൻ സബ്‌സ്‌ക്രിപ്ഷൻ തുടങ്ങി’ എന്ന് ഒരു സ്മൈലിയോടുകൂടി മെസ്സേജ് അയച്ചു. അപ്പോൾ അവൻ “ആഹാ” എന്ന് മറുപടി തന്നു. തുടർന്ന് ‘500 സബ്‌സ്‌ക്രിപ്ഷൻ കഴിഞ്ഞു കേട്ടോ’ എന്ന് ഞാൻ പറഞ്ഞപ്പോൾ കിച്ചു എനിക്ക് തന്ന മറുപടി ‘ഗുഡ്’ എന്നാണ്. അന്ന് അവൻ എന്നോട് ഇത് ചെയ്യരുതെന്ന് വിലക്കിയിരുന്നെങ്കിൽ ഞാൻ ഒരിക്കലും ഇത് തുടങ്ങില്ലായിരുന്നു. അതിന് ശേഷം “600 കഴിഞ്ഞു, 180 രൂപയാണ്” എന്ന് ഞാൻ പറഞ്ഞപ്പോൾ “താ” എന്നാണ് പറഞ്ഞത്. നിങ്ങൾ ആ ചാറ്റ് മുഴുവനായി കാണൂ, ഇത് കിച്ചൂസ് തന്നെയാണ്. അവൻ എന്റെ ചാറ്റ് കാണിച്ചതുകൊണ്ട് മാത്രമാണ് എനിക്ക് ഇത് പുറത്തുവിടേണ്ടി വന്നത്. കിച്ചു സമ്മതിച്ചതുകൊണ്ടും ‘ഗുഡ്’ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചതുകൊണ്ടും മാത്രമാണ് ഞാൻ അത് തുടർന്നത്.പിന്നീട് ഒരു ലൈവ് വിഡിയോ വന്നപ്പോഴാണ് കിച്ചു ഇതേക്കുറിച്ച് എന്നോട് സംസാരിക്കുന്നത്. അത്രയും നാൾ അവൻ മിണ്ടിയിരുന്നില്ല. അന്ന് ഞാൻ അവനോട് പറഞ്ഞു: ‘കിച്ചു, എത്രയോ പേർ പലതും ചെയ്യുന്നു. അവർക്കൊന്നുമില്ലാത്ത പ്രശ്നമാണോ എനിക്ക്? നിനക്ക് ഇതിൽ നിന്ന് രണ്ടര ലക്ഷം രൂപ കിട്ടുന്നുണ്ടല്ലോ കിച്ചു.’ (അന്നത്തെ കാര്യമാണ് പറയുന്നത്). ഈ കാര്യങ്ങളാണ് അവൻ വളച്ചൊടിച്ച് പുറത്തുവിട്ടത്.ഇപ്പോൾ കിച്ചുവിനെ നിയന്ത്രിക്കുന്ന ഒരു സ്ത്രീ ഉണ്ടെന്ന് എനിക്കറിയാം. കാര്യങ്ങൾ ഒന്നും അറിയാതെ എന്റെ മേലേക്ക് കുതിരകയറാൻ ആരും വരരുത്. ഞാൻ ഒരു കാൻസർ രോഗിയാണ്. ഇനിയെങ്കിലും കിച്ചു ഈ അമ്മയെ വെറുതെ വിടുക. നീ എന്നെ നോക്കണ്ട, എനിക്ക് ഗുണം ചെയ്യണ്ട, എന്നെ ‘അമ്മേ’ എന്ന് വിളിക്കുകയും വേണ്ട. ദയവുചെയ്ത് എന്നെ ദ്രോഹിക്കാതിരുന്നുകൂടേ? ഞാൻ കാൻസർ വന്ന് മരിച്ചാൽ പോലും നീ എനിക്ക് ഒന്നും ചെയ്യേണ്ടതില്ല. ഞാൻ പ്രസവിച്ച എന്റെ ഒരേയൊരു കുഞ്ഞ് റിഥപ്പനെക്കാൾ കൂടുതൽ ഞാൻ നിന്നെ സ്നേഹിച്ചു. സബ്‌സ്‌ക്രിപ്ഷനിൽ നിന്ന് കിട്ടിയ പൈസ വരെ ഞാൻ നിനക്ക് തന്നു. ഞാൻ ഉറക്കമൊഴിഞ്ഞ് ആൽബങ്ങൾ ചെയ്തതും, ഗൾഫിൽ പോയി പ്രമോഷൻ ചെയ്തതുമായ തുകയിൽ നിന്നെല്ലാം ഒരു ഓഹരി നിനക്ക് തന്നിട്ടുണ്ട്, നീ അത് വാങ്ങിച്ചിട്ടുമുണ്ട്. ആ ചാറ്റുകളെല്ലാം എൻ്റെ കൈയിലുണ്ട്, പക്ഷേ ഞാനത് പുറത്തുവിടില്ല. കാരണം ഞാൻ നിന്റെ അമ്മയാണ്.നിന്നെ സ്വന്തം പെറ്റതള്ള ഇട്ടിട്ടുപോയ ഒന്നര വയസ്സുമുതലുള്ള കഥകളും, കൊല്ലത്തെ വീട്ടിൽ വച്ച് ചെറുപ്പത്തിൽ നീ അനുഭവിച്ച സങ്കടങ്ങളും എല്ലാം എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ അതൊന്നും പുറത്തുവിട്ട് നിന്നെ നാണംകെടുത്താൻ ആഗ്രഹിക്കുന്നില്ല, ഞാൻ അങ്ങനത്തെ ഒരു സ്ത്രീയല്ല.നിന്റെ ഭാവിയെ വരെ ബാധിക്കുന്ന പല രഹസ്യങ്ങളും ഉണ്ട്. അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്. എന്റെ കുഞ്ഞ് നിന്നെ സ്വന്തം ചേട്ടനായിട്ടാണ് കണ്ടത്. നീ ഇപ്പോൾ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. അതിന് മുൻപുള്ള രാഹുൽ ദാസിനെ പറ്റി അറിയണമെങ്കിൽ ചിങ്ങവനം, കൊല്ലാട് ഭാഗങ്ങളിലോ തൃക്കൊടിത്താനം, വാകത്താനം പൊലീസ് സ്റ്റേഷനുകളിലോ ഒന്ന് തിരക്കി നോക്കാൻ എന്നെ കുറ്റപ്പെടുത്തുന്നവരോട് ഞാൻ പറയുന്നു. പക്ഷേ ഞാൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.എന്നെ ഇനി ഉപദ്രവിക്കാതെ വിടുക. ഞാൻ നിങ്ങളുടെയൊക്കെ കാല് പിടിക്കാം. എന്റെ നെഞ്ചത്ത് അടിച്ചു പറയാൻ എനിക്ക് കഴിയില്ല, കാരണം ഇവിടെ ‘പിക്ക് ലൈൻ’ ഉള്ളതുകൊണ്ട് തൊട്ടാൽ വേദനിക്കും. ഞാൻ കാലുപിടിച്ച് പറയുകയാണ്, ഇനിയെന്നെ കുത്തിനോവിക്കരുത്. എനിക്ക് വയ്യ. എന്റെ പേര് ഇനി വലിച്ചിഴയ്ക്കരുത്. നിനക്ക് ആ കുഞ്ഞിനോട് ഒരു തുള്ളി സ്നേഹമുണ്ടായിരുന്നെങ്കിൽ, നിനക്ക് ഇത്രയും വരുമാനം കിട്ടുന്നതിൽ നിന്ന് ഒരു രൂപയുടെ മിഠായിയെങ്കിലും അവന് വാങ്ങിക്കൊടുത്തിട്ടുണ്ടോ? എനിക്കൊന്നും വേണ്ട കിച്ചു, ഞാൻ നിനക്ക് പൈസ തന്നിട്ടേയുള്ളൂ. ഇത് കണക്ക് പറയുന്നതല്ല. നിന്റെ അച്ഛന്റെ കാര്യങ്ങളും പല വിവരങ്ങളും അടങ്ങിയ നിന്റെ വോയ്‌സ് റെക്കോർഡുകൾ ഇപ്പോഴും അളിയന്റെ ഫോണിലുണ്ട്. പഴയ അച്ഛൻ-മകൻ സംഭാഷണങ്ങൾ പലരും എനിക്ക് അയച്ചു തന്നിട്ടുണ്ട്. നീ എന്റെ ചാറ്റ് പുറത്തുവിട്ടതുപോലെ ക്രൂരമായ മനസ്സുള്ളവരല്ല ഞങ്ങൾ, അതുകൊണ്ട് അതൊന്നും പുറത്തുവിടുന്നില്ല. ആരുമില്ലാതിരുന്ന നിന്നെ എന്റെ കൈകളിൽ ആണ് സുധിച്ചേട്ടൻ ഏൽപ്പിച്ചത്. അന്ന് അച്ഛനുമായി വഴക്കിട്ട് കൊല്ലത്തേക്ക് പോകാൻ നീ ഫോൺ വിളിച്ചപ്പോൾ അവിടുള്ളവർ പറഞ്ഞത് ‘ഇങ്ങോട്ട് വരണ്ട, അവിടെ അച്ഛന്റെയും അമ്മയുടെയും കൂടെ നിന്നാൽ മതി’ എന്നാണ്. ഇതൊക്കെ എനിക്ക് ഓർമയുണ്ട്. ആരുമില്ലാതിരുന്നപ്പോൾ ഈ അമ്മയും, നീ ഇപ്പോൾ കുറ്റം പറയുന്ന അളിയനും ചേച്ചിയുമൊക്കെയാണ് നിന്റെ ഓരോ കുറ്റങ്ങൾക്കും പൊലീസ് സ്റ്റേഷൻ വരെ കയറിയിറങ്ങിയത്. ഇപ്പോൾ നിന്നെ കൊണ്ടുനടക്കുന്ന ആരും അന്നുണ്ടായിരുന്നില്ല.ഇത് നിന്നെക്കുറിച്ചുള്ള എന്റെ അവസാനത്തെ വിഡിയോ ആയിരിക്കും. ഇനി എന്നെക്കൊണ്ട് വിഡിയോ ചെയ്യിക്കരുത്. എനിക്ക് വയ്യ, ഞാൻ ഒരു കാൻസർ രോഗിയാണ്. ഒരു കാൻസർ രോഗിയുടെ മനസ്സ് എത്രത്തോളം വേദനിക്കുമെന്ന് നിങ്ങൾക്കറിയാമോ? എന്റെ മനസ്സ് വേദനിപ്പിക്കരുതെന്നാണ് ഡോക്ടർമാർ ചേച്ചിയോടൊക്കെ പറഞ്ഞിരിക്കുന്നത്. നിങ്ങൾ ഉദ്ദേശിക്കുന്ന പോലെയുള്ള ബ്രെസ്റ്റ് കാൻസർ ഒന്നുമല്ല എനിക്ക്. രോഗത്തിന്റെ സ്റ്റേജോ ഡോക്ടർമാർ എന്നെ രക്ഷിച്ചെടുക്കാൻ എത്ര ശതമാനം ചാൻസ് പറഞ്ഞിട്ടുണ്ടെന്നോ നിങ്ങൾക്കറിയില്ല. അതറിയാതെയാണ് സോഷ്യൽ മീഡിയയിൽ എന്നെ കുറ്റപ്പെടുത്തുന്നത്. ഇനി കിച്ചു എന്നെ വന്ന് കാണുകയോ സ്നേഹിക്കുകയോ വേണ്ട. ഞാൻ ചത്താൽ പോലും എന്റെ ശവത്തിൽ വന്ന് ഒരു റീത്ത് പോലും സമർപ്പിക്കരുത്. എന്റെ കൊച്ചിന് വേണ്ടി എനിക്ക് ജീവിച്ചേ പറ്റൂ, ദയവുചെയ്ത് എന്നെ വെറുതെ വിടുക.’’– രേണു സുധി പറഞ്ഞു.