തിരുവനന്തപുരം: പിഎസ്സി പരീക്ഷാ മൂല്യനിർണയത്തിലെ ക്രമക്കേട് അന്വേഷണം പ്രതിസന്ധിയിൽ. അന്വേഷണം നടത്തുന്നത് പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള പരീക്ഷാ കൺട്രോളറെ ആണ് ഏല്പിച്ചിരിക്കുന്നത്. ആഭ്യന്തര വിജിലൻസ് അന്വേഷിക്കണമെന്ന തീരുമാനം നടപ്പാകാതെ വന്നതോടെയാണ് നടപടി. ആഭ്യന്തര വിജിലൻസ് തലവൻ പരീക്ഷാ കൺട്രോളർ ആയതുകൊണ്ടാണ് അന്വേഷണം ഏൽപ്പിച്ചതെന്നാണ് പിഎസ്സി വ്യക്തമാകുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്നത് വിജിലൻസ് ആൻഡ് സെക്യൂരിറ്റി വിഭാഗത്തിന് ആണെന്നും എത്രയും വേഗം അന്വേഷണം പൂർത്തീകരിക്കുമെന്നും പിഎസ്സി ചെയർമാൻ എം ആർ ബൈജു പറഞ്ഞു.

ആസൂത്രണ ബോർഡിലെ ചീഫ് ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ, ചീഫ് പ്ലാൻ കോ-ഓർഡിനേഷൻ ഡിവിഷൻ എന്നീ തസ്തികകളിലേക്ക് നടന്ന വിവരണാത്മക പരീക്ഷയുടെ,മൂല്യനിർണയത്തിലാണ് വൻ വീഴ്ചയുണ്ടായത്.നൂറ് മാർക്കിനുള്ള ചോദ്യപേപ്പറിൽ ഒൻപത് മുതൽ പതിനെട്ട് വരെയുള്ള പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണയം നടത്താതെയാണ് പി.എസ്.സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതും നിയമനം നടത്തിയതും.


റാങ്ക് പട്ടിക പുറത്തുവന്നതോടെ ഭരണകക്ഷിയിലെ യൂണിയൻ നേതാവിന് ഒന്നാം റാങ്ക് കിട്ടി എന്ന് ആക്ഷേപവും ഉയർന്നിരുന്നു.പരീക്ഷാ നടത്തിപ്പിലെ ഈ അനാസ്ഥ വിവാദമായതോടെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിഷയത്തിൽ ഇടപെടുകയായിരുന്നു.





















