സംസ്ഥാന സര്‍ക്കാരിന്റെ സിനിമാ കോണ്‍ക്ലേവില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണൻ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ധനസഹായത്താൽ സിനിമകൾ നിർമ്മിക്കുന്ന വനിതാ സവിധായകർക്കും പട്ടികജാതി വിഭാഗത്തിൽനിന്നുള്ള സംവിധായകർക്കുമെതിരെയാണ് അടൂര്‍ അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയത്.

സിനിമാ കോണ്‍ക്ലേവിന്റെ സമാപനവേദിയിലാണ് അടൂര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് ആദ്യം പരിശീലനമാണ് നല്‍കേണ്ടതെന്നാണ് അടൂര്‍ പറഞ്ഞത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ വെറുതേ പണം മുടക്കരുത്. ഒന്നരക്കോടി രൂപ നല്‍കുന്നത് വളരെ കൂടുതലാണ്. പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു.


പിന്നാലെ വേദിയിലുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തക പ്രതിഷേധമുയര്‍ത്തി. സംവിധായകനായ ഡോ. ബിജുവിനെ ഉള്‍പ്പെടെ ചൂണ്ടിക്കൊണ്ടാണ് അവര്‍ അടൂരിന് മറുപടി പറയാന്‍ ശ്രമിച്ചത്. എന്നാല്‍ ഇത് വകവെക്കാതെ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസംഗം തുടരുകയായിരുന്നു.























