‘വിജയ് പിന്തുണ തേടി; തീരുമാനം തമിഴ്നാട് പിസിസിക്ക് വിട്ടു’

തമിഴ്നാട്ടിൽ വിജയിയുടെ ടിവികെയ്ക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ നൽകുന്നതിൽ തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വത്തിനെ ചുമതലപ്പെടുത്തി എഐസിസി. തമിഴ്നാട് ജനതയുടെ വികാരങ്ങൾ കണക്കിലെടുത്ത് അന്തിമ തീരുമാനം എടുക്കാനാണ് നിർദേശം. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

മതേതര സർക്കാർ രൂപീകരിക്കാനാണ് താല്പര്യമെന്ന് വിജയ് അറിയിച്ചു. സംസ്ഥാനത്തെ സാഹചര്യം നോക്കി തമിഴ്നാട് പിസിസിയോട് തീരുമാനമെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് കെസി വേണു​ഗോപാൽ പറഞ്ഞു. ടിവികെയ്ക്കുള്ള പിന്തുണ നൽകുന്ന കാര്യത്തിൽ നാളെ രാവിലെ 9:30 ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. യോഗത്തിൽ പിന്തുണ നൽകണോ വേണ്ടയോ എന്ന തീരുമാനമെടുക്കും.

അതേസമയം ടിവികെയിൽ സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ. വിജയുടെ സത്യപ്രതിജ്ഞ ഏഴിനെന്ന് സൂചന. സത്യപ്രതിജ്ഞയ്ക്ക് അനുമതി തേടി ഗവർണർക്ക് ഇ-മെയിൽ അയച്ചെന്ന് വിവരം.