ആകാശ് തില്ലങ്കേരി അനധികൃതമായി ഓടിച്ച വാഹനം കസ്റ്റഡിയില്‍

കല്‍പറ്റ: ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ നടപടിയുമായി. ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് കസ്റ്റഡിയിൽ എടുത്തു. വാഹനം മലപ്പുറത്ത് നിന്ന് ഇന്ന് പുലർച്ചെ പനമരത്തെത്തിച്ചു. കേസെടുത്തതിന് പിന്നാലെ വാഹനം പഴയപടിയാക്കിയിരുന്നു. രൂപമാറ്റം വരുത്തിയത് നേരെയാക്കിയാണ് വാഹനം ഹാജരാക്കിയത്.

ഹൈക്കോടതി ഇടപെട്ടിട്ടും വാഹനം പിടിക്കാത്തതില്‍ പ്രതിഷേധമുയർന്നിരുന്നു. ആകാശിന്റെ കൂടെ ജീപ്പില്‍ സഞ്ചരിച്ചിരുന്ന പനമരം സ്വദേശി ഷൈജലിനോട് പനമരം പൊലീസ് വാഹനം ഹാജരാക്കണമെന്ന് ആവശ്യപ്പട്ടിരുന്നു. ഇയാളാണ് ജീപ്പ് സ്റ്റേഷനില്‍ എത്തിച്ചത്.

നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വയനാട് പനമരം ടൗണിൽ ആയിരുന്നു നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി യാത്ര ചെയ്‌തത്‌. വാഹനത്തിന്റെ ആർസി സസ്പെന്റ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചിരുന്നു.