മുംബൈ: കൊൽക്കത്തയിൽ ആർ.ജി.കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കൊലപാതകത്തില് പ്രതിഷേധം ശക്തമാകുകയാണ്. ഇപ്പോഴിതാ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ്നടി ആലിയ ഭട്ട്. ഇൻസ്റ്റഗ്രാമിലൂടെയാണ് ആലിയ പ്രതിഷേധക്കുറിപ്പ് പങ്കുവെച്ചത്.

സ്ത്രീകൾ എവിടെയും സുരക്ഷിതരല്ലെന്ന തിരിച്ചറിവുപകർന്ന മറ്റൊരുദിനം കൂടി എന്ന ആമുഖത്തോടെയാണ് ആലിയ കുറിക്കുന്നത്. നിർഭയ സംഭവമുണ്ടായി ഒരു ദശകത്തിനിപ്പുറവും കൂടുതൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്ന് നമ്മെ ഓർമിപ്പിക്കുന്ന മറ്റൊരു നിഷ്ഠൂര പീഡനം കൂടിയെന്ന് ആലിയ കുറിച്ചു. 2022-ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നുള്ള കണക്കുകൾ സഹിതമാണ് ആലിയയുടെ കുറിപ്പ്.


ഇന്ത്യയിലെ മുപ്പതുശതമാനം ഡോക്ടർമാരും 80 ശതമാനം നഴ്സിങ് സ്റ്റാഫും സ്ത്രീകളാണെന്നും ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങൾ കൂടുന്ന സാഹചര്യത്തിൽ ഏറ്റവുമധികം അതിന് ഇരകളാകുന്നത് സ്ത്രീകളാണെന്നും ഡേറ്റ പങ്കുവെച്ച് ആലിയ പറയുന്നു. 2022 മുതൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ നാലുശതമാനം വർധനവുണ്ടെന്നും അതിൽ ഇരുപതുശതമാനവും ബലാത്സംഗവും ശാരീരിക ഉപദ്രവുമാണെന്നും ആലിയ കുറിക്കുന്നു. 2022-ൽ ദിവസവും 90-നടുത്ത് ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതെല്ലാം മനസ്സിലുണ്ടായിരിക്കേ എങ്ങനെയാണ് നമ്മൾ സ്ത്രീകൾ ജോലിക്കോ മറ്റു ദൈനംദിനകാര്യങ്ങൾക്കോ പോവുകയെന്നും കാര്യങ്ങൾ മാറുമെന്ന ഒരു പ്രതീക്ഷയും ഇല്ലെന്നും ആലിയ കുറിക്കുന്നു. ഈ യുവതിയെ രക്ഷിക്കാൻ നമുക്കായില്ല. പക്ഷേ ഇനിയൊരിക്കൽക്കൂടി ഇങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം. അതിനായി അധികാരസ്ഥാനത്തിരിക്കുന്നവരോട് പറയാനുള്ളതിനേക്കുറിച്ചും പോസ്റ്റിലുണ്ട്. സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഊന്നൽ നൽകുക എന്നതാണ് അതിൽ പ്രധാനം. സമൂഹത്തിന്റെ നിലവിലുള്ള പ്രവർത്തനങ്ങളിൽ തെറ്റുകൾ ഉള്ളതുകൊണ്ടാണ് ഇവ വീണ്ടും ആവർത്തിക്കുന്നത്. അടിത്തട്ടിൽ നിന്നുതന്നെ അതിനുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ കാരണങ്ങൾ കണ്ടെത്തി മാറ്റാനുള്ള ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും പോസ്റ്റിലുണ്ട്.
സ്ത്രീകളോട് അവരുടെ വഴി മാറ്റാൻ പറയരുത്. അത്തരം സാഹചര്യങ്ങളാണ് മാറ്റേണ്ടതെന്നും എല്ലാ സ്ത്രീകളും മികച്ചത് അർഹിക്കുന്നുണ്ടെന്നും പറഞ്ഞാണ് ആലിയ പോസ്റ്റ് അവസാനിപ്പിക്കുന്നത്.























