പനി ബാധിച്ച് മരിച്ച 12കാരിയുടെ അയൽവീട്ടിലെ നായയ്ക്ക് പേവിഷബാധ; വീട്ടിലെ വളർത്തുനായയും ചത്തു

കൊച്ചി: അങ്കമാലി അയ്യമ്പുഴ ചുള്ളിയിൽ പനി ബാധിച്ച് മരിച്ച ബാലിക പടയാട്ടി ജെനീറ്റയുടെ (12) അയൽവീട്ടിലെ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കുട്ടി മരിച്ച അന്നുതന്നെയാണ് അയൽവാസിയുടെ വീട്ടിലെ നായയും ചത്തത്. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ജെനീറ്റയുടെ വീട്ടിലെ നായയും രണ്ടാഴ്ച മുൻപ് ചത്തിരുന്നു. എറണാകുളം ഗവ. മെഡിക്കൽ കോളജിൽ നിന്ന് ബാലികയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂ.

തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിലേക്കും സാമ്പിളുകൾ അയച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാലികയ്ക്ക് പനി ബാധിച്ചത്. ചുള്ളിയിലെ കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്ന് വൈറൽ പനിക്കുള്ള മരുന്ന് നൽകിയെങ്കിലും ശനിയാഴ്ച പുലർച്ചെ ശക്തിയായ ചുമയെ തുടർന്ന് ബാലിക ഉറക്കത്തിൽ നിന്ന് ഉണരുകയായിരുന്നു. അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കലശലായ വയറുവേദനയും അനുഭവപ്പെട്ടു. ശുചിമുറിയിൽ പോകുന്നതിനിടെ ബാലിക കുഴഞ്ഞുവീണു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെയാണ് കുഴിച്ചിട്ട നായയെ പുറത്തെടുത്ത് വെറ്ററിനറി സർവകലാശാലയിലേക്ക് കൊണ്ടുപോയത്. ചുള്ളിയിലും പരിസരപ്രദേശങ്ങളിലും ജില്ലാ മെഡിക്കൽ സംഘം ഇന്നലെ പരിശോധന നടത്തി.