തദ്ദേശ തെരഞ്ഞെടുപ്പ്: കരട് വോട്ടർപ്പട്ടിക ഈ മാസം 20 ന് ശേഷം

തിരുവനന്തപുരം: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന്റെ കരട് വോട്ടർപ്പട്ടിക ഈ മാസം 20നു ശേഷം പ്രസിദ്ധീകരിക്കും. തദ്ദേശ വാർഡുകളുടെ പുനർവിഭജന ശേഷം നടക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. പുതിയ വാർഡ് അനുസരിച്ചുള്ള വോട്ടർപ്പട്ടികയുടെ ക്രമീകരണം പൂർത്തിയായി. പോളിങ് ബൂത്ത് അടിസ്ഥാനത്തിലുള്ള ക്രമീകരണമാണ് ഇനി നടത്തേണ്ടത്. തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും. കരട് പ്രസിദ്ധീകരിക്കുന്ന അന്നുമുതൽ 15 ദിവസം പരാതികളും ആക്ഷേപങ്ങളും അറിയിക്കാം. പുതിയ വോട്ടർമാരെ ചേർക്കാനും മരിച്ചവർ, താമസം മാറിയവർ എന്നിവരെ ഒഴിവാക്കാനും അവസരമുണ്ട്. പഞ്ചായത്തുകളിൽ 1375 വാർഡും മുനിസിപ്പാലിറ്റികളിൽ 128 വാർഡും കോർപ്പറേഷനുകളിൽ ഏഴു വാർഡും കൂടിയിട്ടുണ്ട്.

സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ പുനർവിഭജിച്ചുള്ള അന്തിമ വിജ്ഞാപനം ഈയാഴ്ച പ്രസിദ്ധീകരിക്കും. 187 വാർഡുകൾ പുതിയതായി നിലവിൽ വരും. ഇതോടെ ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുടെ എണ്ണം 2080ൽനിന്ന് 2267 ആകും. സംവരണ വാർഡുകളുടെ എണ്ണത്തിലും മാറ്റംവരും. 152 ബ്ലോക്ക് പഞ്ചായത്തിൽ 77 ബ്ലോക്കുകൾ വനിതകൾക്കാണ്. പട്ടികജാതി വിഭാഗത്തിന് 15 ബ്ലോക്കുകളിൽ അധ്യക്ഷസ്ഥാനം സംവരണംചെയ്തിട്ടുണ്ട്. അതിൽ എട്ടെണ്ണം വനിതകൾക്കാണ്. പട്ടികവർഗത്തിന് മൂന്ന് ബ്ലോക്കുകളുള്ളതിൽ രണ്ടിടത്ത് വനിതകൾ അധ്യക്ഷർ ആകും. മെയ് 31നാണ് ബ്ലോക്ക് പഞ്ചായത്തുകളിലെ വാർഡുകൾ പുനർവിഭജിച്ചു ഡി ലിമിറ്റേഷൻ കമീഷൻ കരട് വിജ്ഞാപനം ഇറക്കിയത്.