ദിയ കൃഷ്ണയും കുടുംബവും ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സൽ റിസർച്ച് മെറ്റീരിയൽ ആണെന്ന് ഡോ. ഷിംന അസീസ്. ഡോക്ടർമാർക്കിടയിൽ ‘ഗൈനക്കോളജി ഒരു ചോരക്കളിയാണ്’ എന്നർഥം വരുന്നൊരു ചൊല്ല് തന്നെയുണ്ട്. ചോരയും സ്രവങ്ങളുമൊന്നും ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ട് വരാതെ, സുന്ദരിയായി ഒരുങ്ങി പുതപ്പുകൾക്കുള്ളിൽ അശ്വിന്റെ കൈ പിടിച്ച് കിടന്ന്, പങ്കാളിയുടെ തലോടലേറ്റ് അമ്മയോട് ‘എനിക്ക് പേടിയാകുന്നമ്മാ’ എന്ന് പറഞ്ഞു കരഞ്ഞുകൊണ്ട്, സഹോദരിമാർക്കിടയിലെ സുരക്ഷ അനുഭവിച്ച് നിലവാരമുള്ള മെഡിക്കൽ സൂപ്പർവിഷനിൽ നൊന്ത് പ്രസവിച്ചൊരു ഭാഗ്യം ചെയ്ത പെണ്ണ്.

അത് കാണുന്ന വലിയൊരു വിഭാഗം പുച്ഛിസ്റ്റ് പുരുഷന്മാർ പുറമേ അംഗീകരിച്ചില്ലെങ്കിലും തലക്കക്കകത്ത് പുനർവിചിന്തനം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പെണ്ണ് കടന്നു പോകുന്ന അതിതീവ്രവേദനയും അവൾ അർഹിക്കുന്ന കരുതലുമെല്ലാം നാല് പുസ്തകം വായിച്ചാൽ കിട്ടാത്തത്രയും ആഴത്തിൽ ആ മിനിട്ടുകൾ നീളമുള്ള വിഡിയോയിലുണ്ട്. കുറ്റം പറയാൻ വേണ്ടിയെങ്കിലും എല്ലാവരും ആ വിഡിയോ ഒന്ന് കണ്ടേക്കണേ…ചില കാര്യങ്ങളെ കുറിച്ച് ചിലർക്ക് വെളിവ് വരാൻ ചാൻസുണ്ട്.


വല്ലാത്തൊരു കൂട്ടായ്മ തന്നെയാണ് ആ കുടുംബം. കാണിക്കാൻ പാടില്ലാത്തതൊന്നും ആ വിഡിയോയിൽ ഇല്ല. ചൊറിയുന്നവർ ചൊറിഞ്ഞോണ്ടിരിക്കട്ടെ. പറയേണ്ടവർ പറയട്ടെ. ഇരുട്ടറയിൽ പേടിച്ചരണ്ട് ജീവൻ പോകുന്ന വേദനയും സഹിച്ച് പലപ്പോഴും തനിക്കെന്താണ് സംഭവിക്കുന്നത് എന്ന് പോലും മനസ്സിലാവാതെ ഒറ്റപ്പെട്ട് വിയർത്തു നൊന്തു കിടക്കുന്നതിലും എത്രയോ നല്ലതാണ് ഈ സ്നേഹത്തിന്റെ ചൂടുള്ള അനുഭവം.
ദിയ ഒരുപാട് ഭാഗ്യം ചെയ്തവളാണ്. ഇനിയിമൊരുപാട് പെൺകുട്ടികൾക്ക് ആശ്വാസത്തോടെ ആ വേദനയറിയാൻ അവർ കാരണമാകട്ടെ. പതിറ്റാണ്ടുകൾക്ക് ശേഷം ആ കുടുംബത്തിലേക്ക് പിറന്നു വീണ ആണൊരുത്തൻ നിയോമിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ…ദിയക്കും കുടുംബത്തിനും നന്മകൾ വർഷിക്കട്ടെ. ജീവിതത്തിലെ നിറങ്ങൾ ലോകം അറിയുക തന്നെ ചെയ്യട്ടെ.























