ട്രാൻസ് ദമ്പതിമാരുടെ കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ ഇനി അച്ഛൻ, അമ്മ വേണ്ട; രക്ഷിതാവ് മതിയെന്ന് ഹൈക്കോടതി

കൊച്ചി: ട്രാൻസ്‌ജെൻഡർ ദമ്പതിമാരുടെ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽനിന്ന് അച്ഛൻ, അമ്മ എന്നത് ഒഴിവാക്കാൻ നിർദേശിച്ച് ഹൈക്കോടതി. പകരം രക്ഷിതാക്കൾ എന്ന് മതിയെന്ന് കോടതി വ്യക്തമാക്കി. കോഴിക്കോട് സ്വദേശികളായ ട്രാൻസ്‌ജെൻഡർ ദമ്പതിമാരുടെ ഹർജിയിലാണ് ഈ ഉത്തരവ്. പിതാവ്, മാതാവ് എന്നതിനു പകരം രക്ഷിതാവ് എന്നാക്കിമാറ്റണമെന്നാണ് കോടതി അറിയിച്ചത്.

കുട്ടിയുടെ ജീവശാസ്ത്രപരമായ അമ്മ പുരുഷനായി തുടരുന്നതിനാൽ ഭാവിയിൽ നിയമപരമായ ചില തടസ്സങ്ങളും അപമാനങ്ങളും സൃഷ്ടിക്കുമെന്നതിന്റെ അടിസ്ഥാനത്തിൽ ദമ്പതികൾ 2023-ൽ കോഴിക്കോട് നഗരസഭയെ സമീപിച്ചിരുന്നു. ജനന സർട്ടിഫിക്കറ്റിൽ അച്ഛൻ, അമ്മ എന്നിവയ്ക്കുപകരം രക്ഷിതാവ് എന്നാക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, നഗരസഭ ഇത് നിരസിച്ചു.

ഇതോടെ, ഇരുവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ട്രാൻസ്‌ജെൻഡർ ദമ്പതികളുടെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ ഇനിമുതൽ രക്ഷിതാവ് എന്നു മതിയെന്ന് കോടതി ഉത്തരവിട്ടു. ഇരുവരുടെയും ലിംഗസ്വത്വം രേഖപ്പെടുത്തുന്ന തരത്തിൽ ഒന്നും പാടില്ല. നിലവിലുള്ള ജനന സർട്ടിഫിക്കറ്റുകളിൽ ഈ തിരുത്തൽ വരുത്തണമെന്നും കോടതി നിർദേശംനൽകി.