അര്‍ജുന്റെ മരണം: ക്ലാസ് ടീച്ചര്‍ക്കും പ്രധാനാധ്യാപികയ്ക്കും സസ്‌പെന്‍ഷന്‍

പാലക്കാട്: കണ്ണാടി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ നടപടിയെടുത്ത് സ്‌കൂള്‍ മാനേജ്‌മെന്റ്. ആരോപണവിധേയയായ ക്ലാസ് ടീച്ചര്‍ ആശയെയും പ്രധാനാധ്യാപിക ലിസിയെയും സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണവിധേയമായി മാറ്റി നിര്‍ത്താനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. തുടര്‍ നടപടികള്‍ സര്‍ക്കാര്‍ വകുപ്പുതല നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി സ്വീകരിക്കുന്നതാണെന്ന് മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പത്ത് ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍.

കഴിഞ്ഞ ദിവസമാണ് പല്ലൻചാത്തന്നൂർ സ്വദേശിയായ അർജുൻ വീട്ടിൽ ആത്മഹത്യ ചെയ്തത് . സ്കൂൾ വിട്ട് വന്നയുടൻ യൂണിഫോമിൽ തന്നെ തൂങ്ങി മരിക്കകയായിരുന്നു. പിന്നാലെ അർജുൻ പഠിക്കുന്ന കണ്ണാടി ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപികയായ ആശക്കെതിരെ ഗുരുതര പരാതിയുമായി കുടുംബവും വിദ്യാർത്ഥികളും രംഗത്ത് എത്തി .

ഇൻസ്റ്റാഗ്രാമിൽ കുട്ടികൾ അയച്ച മെസ്സേജിനെ തുടർന്ന് , സൈബർ സെല്ലിൽ പരാതി നൽകുമെന്നും ജയിലിൽ ഇടുമെന്നും അധ്യാപിക ഭീഷണിപ്പെടുത്തിയതായി കുടുംബം ആരോപിച്ചു . ഒന്നര വർഷം ജയിലിൽ കിടത്തുമെന്ന് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും ആരോപണം. കുഴല്‍മന്ദം പൊലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു.