ആശാസമരം 50-ാം ദിവസം, സെക്രട്ടറിയേറ്റിന് മുന്നിൽ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും പ്രതിഷേധം

തിരുവനന്തപുരം: ആശപ്രവർത്തകരുടെ സമരം ഇന്ന് അമ്പതാം നാൾ. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞ് സമരം കൂടുതൽ ശക്തമാക്കി ആശമാർ. മുടി പൂർണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചുമാണ് പ്രതിഷേധം. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി. രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം മുന്നോട്ട് പോകുന്നത്. ഉപരോധമിരുന്നും നിരാഹാരമനുഷ്ടിച്ചും ആവശ്യങ്ങൾ അധികാരികളിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടും മനസ്സലിയാത്തവർക്ക് മുന്നിലേക്കാണ് ആശാ സമരത്തിൻറെ അടുത്തഘട്ടം.

വളരെ വൈകാരികമായിട്ടായിരുന്നു മുടി മുറിക്കൽ പ്രതിഷേധത്തിൽ ആശാപ്രവർത്തകർ പങ്കെടുത്തത്. ഈ പ്രതിഷേധം കണ്ടിട്ടെങ്കിലും സർക്കാർ തങ്ങളെ പരിഗണിക്കണമെന്ന് ഇവർ ഒന്നടങ്കം പറഞ്ഞു. മുദ്രാവാക്യം വിളികളോടെയായിരുന്നു പ്രതിഷേധം. സമരം ആരംഭിച്ചതിന് ശേഷം സർക്കാരുമായി ഒന്നിലേറെ തവണ ചർച്ച നടത്തിയെങ്കിലും അവ പരാജയപ്പെടുകയായിരുന്നു. പലവിധത്തിലുള്ള അധിക്ഷേപ പരാമർശങ്ങളും സമരം ചെയ്യുന്ന ആശ പ്രവർത്തകർക്ക് നേരിടേണ്ടി വന്നിരുന്നു.

സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലുള്ളവരും ആശാസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുടി മുറിച്ചു. ബിജെപി അങ്കമാലി മുനിസിപ്പൽ കൌൺസിലർമാരായ എ വി രഘു, സന്ദീപ് ശങ്കർ എന്നിവരും തല മുണ്ഡനം ചെയ്ത് പ്രതിഷേധത്തിൽ പങ്കാളികളായി. ബിജെപി പ്രവർത്തകയായ സുപ്രിയയും മുടി മുറിച്ച് പ്രതിഷേധിച്ചു. ഇവരുടെ ഒരു മാസത്തെ ഓണറേറിയം ആശ വർക്കർമ്മാർക്ക് നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

ആലപ്പുഴയിലും ആശവർക്കർമാർ മുടി മുറിച്ച് പ്രതിഷേധിച്ചു. തലവടിയിലാണ് 17 ആശാവർക്കർമാർ മുടി മുറിച്ചത്. തിരുവനന്തപുരത്തെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് മുടി മുറിച്ച് പ്രതിഷേധിച്ചതെന്ന് ആശാവർക്കർമാർ വ്യക്തമാക്കി.