‘ഉത്തരവിറക്കാൻ എഐ ഉപയോഗിക്കരുത്’; മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് കേരള ഹൈക്കോടതി

കൊച്ചി: ഉത്തരവുകൾ പുറപ്പെടുവിക്കാൻ കോടതികൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ടൂളുകളുടെ സഹായം തേടരുതെന്ന നിർദേശവുമായി കേരള ഹൈക്കോടതി. ഹൈക്കോടതി ജുഡീഷ്യൽ ഓഫീസർമാർ അടക്കമുള്ളവർക്ക് വേണ്ടി ഇക്കാര്യത്തിൽ പ്രത്യേക മാർഗനിർദേശം പുറപ്പെടുവിച്ചു. ചാറ്റ് ജിപിടി പോലുള്ള ക്ലൗഡ് അധിഷ്ഠിത എഐ ടൂളുകൾ ഉത്തരവുകൾ പുറപ്പെടുവിക്കാൻ ഉപയോഗിക്കരുതെന്നും മാർഗനിർദേശങ്ങൾ ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നുമാണ് ഹൈക്കോടതിയുടെ നിർദേശം. നിഗമനങ്ങളിൽ എത്തിച്ചേരാനോ, ഉത്തരവുകളോ വിധിന്യായങ്ങളോ പുറപ്പെടുവിക്കാനോ എ ഐ സഹായം ഉപയോഗിക്കരുതെന്നും മാർഗ്ഗനിർദേശം വ്യക്തമാക്കുന്നു.

എഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ തെറ്റുകൾ കടന്നുകൂടാൻ സാധ്യതയുണ്ടെന്നതിനാൽ ജാഗ്രത വേണം എന്നാണ് ഹൈക്കോടതിയുടെ നിർദേശം. എഐ ടൂളുകൾ ഉപയോഗിക്കുന്നതുമായി കൃത്യമായ പരിശീലനം നേടണം. ഇതിനായി ജുഡീഷ്യൽ അക്കാദമിയിലോ ഹൈക്കോടതിയിലോ നടക്കുന്ന പരിശീലനപരിപാടിയിൽ പങ്കെടുക്കണം. എഐ ടൂളുകൾ ഉപയോഗിക്കുണ്ടെങ്കിൽ അവ അംഗീകൃതമായവ മാത്രമായിരിക്കണം. ഉപയോഗത്തിന്റെ എല്ലാ ഘട്ടത്തിലും മേൽനോട്ടമുണ്ടാകണം. അംഗീകൃത എഐ ടൂളുകളുടെ കാര്യത്തലിൽ അപാകം ശ്രദ്ധയിൽപ്പെട്ടാൽ ഹൈക്കോടതിയുടെ ഐടി വിഭാഗത്തെ അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. രാജ്യത്ത് ഇതാദ്യമായാണ് ഒരു ഹൈക്കോടതി ഇത്തരം ഒരു നിർദേശം പുറപ്പെടുവിക്കുന്നത്.

ചാറ്റ് ജിപിടി പോലുള്ള ക്ലൗഡ് അധിഷ്ഠിത എഐ ടൂളുകൾ സഹായകരമാണെങ്കിലും നിയന്ത്രണമില്ലാത്ത ഉപയോഗം സ്വകാര്യത, ഡേറ്റയുടെ സുരക്ഷ എന്നിവയെ ബാധിക്കും എന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. എ ഐ നൽകുന്ന വിവരങ്ങൾ പലപ്പോഴും തെറ്റായതോ, അപൂർണ്ണമോ, പക്ഷപാതപരമോ ആകാനിടയുണ്ട്. ഇത്തരം സംവിധാനങ്ങൾ നൽകുന്ന നിയമപരമായ ഉദ്ധരണികൾ, റഫറൻസുകൾ എന്നിവ ഉൾപ്പെടെ ഏതൊരു ഫലവും ജുഡീഷ്യൽ ഓഫീസർമാർ സൂക്ഷ്മമായി പരിശോധിക്കണം. ജുഡീഷ്യൽ ഉത്തരവ്, വിധിന്യായം എന്നിവയുടെ ഉള്ളക്കത്തിന്റെ പൂർണ ഉത്തരവാദിത്തം ജഡ്ജിമാരുടേതാണ് എന്നും കോടതി ചൂണ്ടിക്കാട്ടുന്നു.