കൊച്ചിയിൽ ജനിച്ച് മണിക്കൂറുകൾ മാത്രമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഒരു ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറി. കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം കടന്നത് ആരെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. കുണ്ടന്നൂരിലെ ഫോറം മാളിനോട് ചേർന്നുള്ള ഇടറോഡിലെ തട്ടുകടയുടെ പരിസരത്തുനിന്നാണ് പിഞ്ചുകുഞ്ഞിനെ കണ്ടെത്തിയത്.

സമീപത്തെ കാർ ഷോറൂമിൽ മാത്രമാണ് ഈ പ്രദേശത്ത് ആകെ സിസിടിവിയുള്ളത്. ഇതിൽ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്. കുഞ്ഞ് കരയുന്ന ശബ്ദം കേട്ട് നോക്കിയ നാട്ടുകാർ പുലർച്ചെ ഒരു മണിയോടെ കുഞ്ഞിനെ കണ്ടെത്തുകയും ഉടനടി മരട് പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പ്രദേശത്തെ ബെഞ്ചിൽ കിടത്തിയ നിലയിലായിരുന്നു കുഞ്ഞ്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പൊലീസ് അറിയിച്ചു.