പട്രോളിങ്ങിനിടെ നിയന്ത്രണം വിട്ട കാർ വന്നിടിച്ചുണ്ടായ അപകടം; സിപിഒ സൂരജിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

കാസർഗോഡ്: കാഞ്ഞങ്ങാടിന് സമീപം കാറിടിച്ച് പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി. സിവിൽ പൊലീസ് ഓഫിസർ സൂരജിന്റെ വലതുകാലാണ് മുറിച്ച് മാറ്റിയത്. ഇദ്ദേഹത്തിന്റെ ഇടത്കാൽ മുമ്പ് മുറിച്ച് മാറ്റിയിരുന്നു. ഹൈവേ പട്രോളിങിനിടെയുണ്ടായ അപകടത്തിലാണ് സിപിഒമാരായ സൂരജ്, അലോഷ്യസ് മാത്യു എന്നിവർക്ക് കാലുകൾ നഷ്ടമായത്. ഇക്കഴിഞ്ഞ 18നാണ് അപകടം നടന്നത്. പട്രോളിങിനിടെ ഈ രണ്ട് ഉദ്യോഗസ്ഥരും പുറത്തിറങ്ങി നിൽക്കുമ്പോൾ നിയന്ത്രണം വിട്ടുവന്ന വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഇരുവരേയും ഉടമൻ തന്നെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമെന്ന് കണ്ടതോടെ മാംഗ്ലൂർ തേജസ്വനി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കഴിഞ്ഞ 20-ാം തിയതിയാണ് രണ്ട് പൊലീസുകാരുടേയും ഇടത് കാലുകൾ മുറിച്ചുമാറ്റിയത്. ഇതിന് ശേഷമാണ് സൂരജിന്റെ വലതുകാൽ കൂടി മുറിച്ചുമാറ്റണമെന്ന് ഡോക്ടേഴ്‌സ് അറിയിച്ചത്. ഈ കാലിലും 70 ശതമാനത്തിലേറെ മുറിവേറ്റിരുന്നു. രണ്ടോളം ശസ്ത്രക്രിയകൾ നടത്തിയെങ്കിലും കാലിന് പരിഹരിക്കാനാകാത്ത വിധത്തിൽ പരുക്കുണ്ടായെന്ന വിലയിരുത്തലിലാണ് തീരുമാനം. പരുക്ക് മറ്റ് അവയവങ്ങളെക്കൂടി ബാധിക്കാൻ സാധ്യതയുള്ളതിനാലാണ് ഈ കാലും മുറിച്ചുമാറ്റേണ്ടിവന്നത്. ഇപ്പോഴും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. പൊലീസുകാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് ഉറപ്പുനൽകിയിരുന്നു. ജില്ലാ ഹെഡ്ക്വാട്ടേഴ്‌സിലെ സിവിൽ പൊലീസ് ഓഫിസർമാരാണ് പരുക്കേറ്റ രണ്ടുപേരും. ജില്ലാ പോലീസ് ആസ്ഥാനത്തെ ഫുട്‌ബോൾ ടീം അംഗം കൂടിയാണ് സൂരജ്. കാലുകൾ നഷ്ടപ്പെട്ടതിനാൽ ഇരുവർക്കും പോലീസിൽ തുടരാനുള്ള ശാരീരിക ക്ഷമത സാക്ഷ്യപത്രം കിട്ടില്ല. അതിനാൽ മറ്റേതെങ്കിലും വകുപ്പിലേക്ക് ജോലി മാറ്റി നൽകണമെന്ന് ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്.