തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട്. ജൂലൈ ഒന്നിനു മുഖ്യമന്ത്രി വിഡി സതീശൻ അവതരിപ്പിക്കാനിരിക്കുന്ന ധനബില്ലിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ് ഇടംപിടിച്ചു. ഇത് ഉൾപ്പെടുത്തി ധനബില്ലിന്റെ കരട് പ്രസിദ്ധീകരിച്ചു. 0.5 ശതമാനം മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനം വിൽപ്പന നികുതിയും 10 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുള്ളതിനു 175 ശതമാനം വിൽപ്പന നികുതിയും നിശ്ചയിച്ച ബജറ്റ് പ്രഖ്യാപനമാണു ബില്ലിന്റെ കരടിൽ ഉൾപ്പെടുത്തിയത്. ‘ലോ ആൽക്കഹോളിക് ബവ്‌റിജസ്’ എന്ന വിഭാഗത്തിനു നികുതി നിരക്കു നിശ്ചയിച്ച് കേരള പൊതു വിൽപ്പനനികുതി നിയമം (കെജിഎസ്ടി) 1963 ഭേദഗതി വരുത്താനാണു നിർദേശം. ധനവകുപ്പ് നിയമസഭാ സെക്രട്ടേറിയറ്റിനു കൈമാറിയ കരടിന്റെ പകർപ്പ് ഇന്നുതന്നെ എംഎൽഎമാർക്കു ലഭിക്കും.

ബിൽ പാസായാലും വിൽപ്പനക്ക് അനുമതി നൽകില്ലെന്നാണ് സർക്കാരിന്റെ അവകാശവാദം. പുതിയ ഇനം മദ്യം വിപണിയിൽ എത്തിക്കണമെങ്കിൽ എക്‌സൈസിന്റെ അനുമതി ആവശ്യമാണെന്നും സർക്കാർ പറയുന്നു. ഇക്കാര്യത്തിൽ ഘടക കക്ഷികളുമായി മുഖ്യമന്ത്രി ആശയ വിനിമയം നടത്തും. മുസ്ലീം ലീഗടക്കം ഘടകകക്ഷികൾ എതിർപ്പുയർത്തിയതിനെ തുടർന്നാണ് കൂടുതൽ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നത്.


വീര്യം കുറഞ്ഞ മദ്യം വിൽക്കണോ എന്നു മദ്യനയത്തിൽ യുഡിഎഫ് തീരുമാനിക്കുമെന്നും വിൽക്കുന്നുണ്ടെങ്കിൽ ബജറ്റിൽ പ്രഖ്യാപിച്ചതു തന്നെയാകും നികുതി ഘടനയെന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയിരുന്നു. ബജറ്റ് പ്രഖ്യാപനം മദ്യക്കമ്പനികൾക്കു വേണ്ടിയാണെന്ന് ആരോപിച്ച പ്രതിപക്ഷം, നികുതി കുറച്ച നടപടി ധനബില്ലിൽനിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിക്കൊണ്ടാണു സർക്കാർ നടപടി. കഴിഞ്ഞ സർക്കാർ കൊണ്ടുവന്ന പുതിയ വിഭാഗം മദ്യത്തിന് നികുതി നിശ്ചയിക്കാതിരുന്നതിനാൽ നികുതിഘടന നിശ്ചയിക്കുക മാത്രമാണു ചെയ്തതെന്നാണു യുഡിഎഫ് സർക്കാർ നിലപാട്.





















