കോകിലയ്ക്ക് വീണ്ടും ലോട്ടറിയടിച്ചു

നടൻ ബാലയ്ക്കും ഭാര്യ കോകിലയ്ക്കും വീണ്ടും ലോട്ടറിയടിച്ചു. കഴിഞ്ഞ ദിവസമാണ് കാരുണ്യ ലോട്ടറി നറുക്കെടുപ്പിൽ 25000 രൂപ ഇരുവർക്കും ലഭിച്ചത്. ഇത്തവണ ഭാഗ്യതാര ലോട്ടറിയിൽ നിന്നാണ് സമ്മാനം. അൻപത് രൂപ മുടക്കിയെടുത്ത ടിക്കറ്റിന് ഇത്തവണ ഇവർക്കു ലഭിച്ചത് നൂറ് രൂപയാണ്.

ജീവിതത്തിൽ പോസിറ്റിവായി ചിന്തിക്കുന്നതുകൊണ്ടാണ് ഐശ്വര്യം ഉണ്ടാകുന്നതെന്ന് ബാല പറയുന്നു. ‘‘കഴിഞ്ഞ ദിവസം 25000 രൂപ ലോട്ടറിയടിച്ചത് കള്ളത്തരമാണെന്ന് ചില യൂട്യൂബർമാർ പറയുന്നതു കേട്ടു. നിങ്ങളിനിയും നെഗറ്റിവ് പറഞ്ഞു കൊണ്ടിരിക്കൂ. അങ്ങനെ ചെയ്യുന്നതു കൊണ്ടാണെന്നു തോന്നുന്നു എനിക്ക് തുടർച്ചയായി ലോട്ടറിയടിക്കുന്നത്.

അൻപത് രൂപ മുടക്കി നൂറ് രൂപ കിട്ടി. എത്ര കിട്ടിയാലും ഐശ്വര്യം ഐശ്വര്യം തന്നെയാണ്. പോസിറ്റിവായി ചിന്തിക്കൂ. അടുത്തവരുടെ കുടുംബത്തെ ഒരിക്കലും ബുദ്ധിമുട്ടിക്കാതിരിക്കുക. ഇത് ആരെക്കുറിച്ചാണ് പറയുന്നതെന്ന് എല്ലാവർക്കും മനസ്സിലാകും. എന്തിനാ വെറുതെ.’’–ബാലയുടെ വാക്കുകൾ.