ഈശ്വരാനു​ഗ്രഹമുള്ള നടനാണ് മോഹൻലാൽ ; ബ്ലെസി

മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സംവിധായകൻ ബ്ലെസി. മോഹൻലാൽ നമ്മുടെ സ്വന്തം നടനാണ്. മലയാളത്തിന്റെ നടനാണ് അദ്ദേഹം. അങ്ങനെ നോക്കിയാൽ നമുക്കോരോരുത്തർക്കും ലഭിച്ച അം​ഗീകാരമായാണ് ഈ പുരസ്കാരത്തെ താൻ കാണുന്നത്. ഈശ്വരാനു​ഗ്രഹമുള്ള നടനാണ് മോഹൻലാലെന്നും ബ്ലെസി പറഞ്ഞു.

ഫാൽക്കേ പുരസ്കാരം ലഭിച്ചതിൽ ഞായറാഴ്ച രാവിലെ മാത്രമാണ് താൻ മോഹൻലാലിന് സന്ദേശമയച്ചതെന്ന് ബ്ലെസി പറഞ്ഞു. 100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം എന്ന ഡോക്യുമെന്ററി കഴിഞ്ഞദിവസം രാത്രി അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്നു. അതിന് മറുപടിയായി ലവ് ആൻഡ് പ്രെയേഴ്സ് എന്നാണ് അദ്ദേഹം അയച്ചത്. ഇത്രയധികം തിരക്കിൽ നിൽക്കുമ്പോൾ പോലും അദ്ദേഹം മറുപടി തന്നു. അപ്പോഴാണ് പുരസ്കാരം ലഭിച്ചതിൽ അദ്ദേഹത്തിന് ഒരു മറുപടി അയച്ചില്ലല്ലോ എന്നോർത്തത്. ചെറിയ കാര്യങ്ങളെപ്പോലും കരുതാനുള്ള മനസിന്റെ ഉടമ കൂടിയാണ് മോഹൻലാൽ. നടനെന്നതിലുപരി മനസിന് വലിപ്പം സൂക്ഷിക്കുന്ന, സ്നേഹത്തേക്കുറിച്ചും പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വളരെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള വലിയ മനുഷ്യനാണ് അദ്ദേഹമെന്നും ബ്ലെസി അഭിപ്രായപ്പെട്ടു.