ഇന്നസെന്റിന്റെ പ്രചരണ ബോർഡുകളിൽ; സുരേഷ് ഗോപിക്കെതിരെ എൽഡിഎഫ് പരാതി

തൃശ്ശൂര്‍ : ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുൻ എംപിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം പ്രചരണ ബോർഡുകളിൽ വച്ചതിന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ എൽഡിഎഫ് പരാതി നൽകി. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്.

മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ ഉപയോഗിച്ചത്. ഇന്നസെന്റിന്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.