സണ്ണി ലിയോണിന് മാസം 1,000 രൂപ ധനസഹായം; താരത്തിന്റെ പേരിൽ യുവാവ് നടത്തിയത് വൻ തട്ടിപ്പ്

റായ്പൂർ : നടി സണ്ണി ലിയോണിന്റെ ബാങ്ക് അക്കൗണ്ടെന്ന പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടിലൂടെ പണം തട്ടിയെടുത്തയാൾ പിടിയിൽ. ഛത്തീസ്ഗഡ് സംസ്ഥാന സർക്കാർ ആരംഭിച്ച മഹാതാരി വന്ദൻ യോജന പദ്ധതിയിലൂടെ 2024 മാർച്ച് മുതലുള്ള പണം ഇയാൾ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. എല്ലാ മാസവും 1000 രൂപ വച്ച് വിവാഹിതരായ സ്ത്രീകൾക്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കുന്ന പദ്ധതിയാണ് മഹാതാരി വന്ദൻ യോജന.

2024 മാർച്ച് മുതൽ സണ്ണി ലിയോണിന്റെ പേരിൽ തട്ടിപ്പുകാരന് ഇത് വരെ ലഭിച്ചത് 9000 രൂപയാണ്. എന്നാൽ തട്ടിപ്പിനിടയ്ക്ക് ഗുണഭോക്താവിന് പറ്റിയ അമളിയാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയം. സണ്ണി ലിയോണിന്റെ ഭർത്താവിന്റെ പേരായി ഇയാൾ നൽകിയിരിക്കുന്നത് ജോണി സിൻസിന്റെ പേരാണ്.

വീരേന്ദ്ര ജോഷി എന്നയാളാണ് സണ്ണി ലിയോണിന്റെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ചത്. തുടർ നടപടികൾക്കായി ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ബസ്തർ മേഖലയിലെ തലൂർ എന്ന ഗ്രാമത്തിലാണ് തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനും ബാങ്ക് അക്കൗണ്ട് കണ്ടുകെട്ടാനും വനിതാ ശിശുവികസന വകുപ്പിന് ജില്ലാ കളക്ടർ ഹാരിസ് ഉത്തരവിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.