ഓപ്പറേഷൻ സിന്ദൂർ; സേനയിൽ അഭിമാനിക്കുന്നുവെന്ന് കോൺ​ഗ്രസ്, അടിച്ചത് രാജ്യത്തെ നിരന്തരം ദ്രോഹിക്കുന്ന ഭീകരവാദത്തെ; സുരേഷ് ഗോപി

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ്. സേനയിൽ അഭിമാനിക്കുന്നുവെന്നും ഭീകരതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ് സേനയ്ക്കും സർക്കാരിനുമൊപ്പമെന്നും ഖർഗെ വ്യക്തമാക്കി. ഒറ്റക്കെട്ടായി നിൽക്കണമെന്നും ഖർഗെ പറയുന്നു. സൈന്യത്തിൽ അഭിമാനമെന്ന് രാഹുൽ ഗാന്ധിയും പ്രതികരിച്ചു. ഭീകരതയ്‌ക്കെതിരായ സൈനിക നീക്കത്തിന് കോൺഗ്രസ് പിന്തുണയെന്ന് ജയറാം രമേശ് എക്‌സിൽ കുറിച്ചു. കോൺഗ്രസ് ഇന്ത്യൻ സായുധ സേനയ്‌ക്കൊപ്പമെന്നും ജയറാം രമേശ് പറഞ്ഞു.

ഭീകരകേന്ദ്രങ്ങൾക്കെതിരെ നടത്തിയ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിനെ തിരിച്ചടിയായല്ല ലോകനീതിയായാണ് കാണുന്നതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിരന്തരം ദ്രോഹിക്കുന്ന രാജ്യത്തെ ഭീകരവാദത്തെയാണ് നമ്മൾ അടിച്ചതെന്നും താക്കീത് നൽകുകയാണ്, ഇനി ഇത് ആവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.