പഹൽഗാം ഭീകരാക്രമണം; പതിനഞ്ചാം ദിനം തിരിച്ചടി, ഓപ്പറേഷൻ സിന്ദൂറുമായി ഇന്ത്യ, 17 ഭീകരർ കൊല്ലപ്പെട്ടു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം ദിനം തിരിച്ചടി നൽകി ഇന്ത്യ. ‘ഓപ്പറേഷൻ സിന്ദൂർ’എന്ന കര,വ്യോമ-നാവികസേന സംയുക്ത നീക്കത്തിലൂടെ പാകിസ്താനിലെ ഒൻപത് ഭീകരകേന്ദ്രങ്ങൾ തകർത്തു. ആക്രമണത്തിൽ 17 ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. 80 പേർക്ക് പരുക്കേറ്റു. മുറിഡ്‌കെയിലെ ലഷ്‌കർ ഭീകരകേന്ദ്രങ്ങളാണ് തകർത്തതെന്ന് സൈന്യം വ്യക്തമാക്കി. ജെയ്‌ഷെ തലവൻ മൌലാന മസൂദ് അസറിന്റെ താവളത്തിന് നേരെയും ആക്രമണം ഉണ്ടായി. മെഹ്മൂനയിലെ ഹിസ്ബുൾ മുജാഹിദ്ദീൻ കേന്ദ്രങ്ങളും തകർത്തു.

‘ഭാരത് മാതാ കീ ജയ് ‘ എന്നായിരുന്നു പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. നീതി നടപ്പാക്കിയെന്ന് സൈന്യം പ്രതികരിച്ചു. പുലർച്ചെ 1,44ന് ആണ് റഫാൽ വിമാനങ്ങളും, സ്‌കാൽപ് മിസൈലുകളും ഹമ്മർ ബോംബുകളും ഉപയോഗിച്ചുള്ള തിരിച്ചടി നൽകിയത്. രാജ്യത്തെ ആറിടങ്ങൾ ആക്രമിക്കപ്പെട്ടതായി പാകിസ്താൻ സ്ഥിരീകരിച്ചു. ‘ഓപ്പറേഷൻ സിന്ദൂറിനെ’കുറിച്ച് രാവിലെ പത്ത് മണിക്ക് സൈന്യം വിശദീകരിക്കും. ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് യുഎന്നും അമേരിക്കയും ആവശ്യപ്പെട്ടു.

മർകസ് സുബ്ഹാൻ അല്ലാഹ്, ബഹവൽപൂർ – JeM, മർകസ് തയ്ബ, മുരിദ്‌കെ – ലഷ്‌കർ, സർജൽ, തെഹ്റ കലാൻ – ജെഎം, മെഹ്മൂന ജോയ, സിയാൽകോട്ട് – എച്ച്എം, മർകസ് അഹ്ലെ ഹദീസ്, ബർണാല – LeT, മർകസ് അബ്ബാസ്, കോട്‌ലി – ജെഎം, മസ്‌കർ റഹീൽ ഷാഹിദ്, കോട്ലി – എച്ച്എം, ഷവായ് നല്ല ക്യാമ്പ്, മുസാഫറാബാദ് – LeT, സയ്യിദ്ന ബിലാൽ ക്യാമ്പ്, മുസാഫറാബാദ് – ജെഎം എന്നവയാണ് തകർത്ത ഒൻപത് ഭീകര കേന്ദ്രങ്ങളുടെ പട്ടിക.